ന്യൂഡല്‍ഹി: വിദേശ മലയാളികള്‍ക്ക് നാട്ടിലുള്ള പണമിടപാടുകള്‍ കൂടുതല്‍ ആയാസരഹിതമായി ചെയ്യുവാനുള്ള സൗകര്യം വരുന്നു. നാട്ടിലെ ബില്ലുകള്‍ അടക്കുക, സ്‌കൂള്‍ ഫീസ് കെട്ടുക തുടങ്ങിയ കാര്യങ്ങളെല്ലാം ഇനി മുതല്‍ വിദേശ ഇന്ത്യാക്കാര്‍ക്ക് ഭാരത് ബില്‍ പേയ്മെന്റ് സിസ്റ്റം വഴി ചെയ്യാന്‍ കഴിയുമെന്ന് റിസര്‍വ് ബാങ്കിന്റെ സര്‍ക്കുലറില്‍ പറയുന്നു.
സ്റ്റാന്‍ഡേര്‍ഡൈസ് ചെയ്ത ബില്ലുകള്‍ അടയ്ക്കുന്ന ഇന്റര്‍ ഓപ്പറബിള്‍ പ്ലാറ്റ്ഫോമാണ് ഭാരത് ബില്‍ പേയ് സിസ്റ്റം. 20,000 സേവന ദാതാക്കാള്‍ ഈ പ്ലാറ്റ്ഫോമിന്റെ ഭാഗമാണ് മാത്രമല്ല പ്രതിമാസം 8 കോടിയിലധികം രൂപയുടെ ഇടപാടുകളാണ് ഇതിലൂടെ നടക്കുന്നത്.
ഇപ്പോള്‍ റുപ്പീ ഡ്രോയിങ് അറേഞ്ച്മെന്റി (ആര്‍ ഡി എ) നു കീഴില്‍ വിദേശങ്ങളില്‍ നിന്നും ഇന്ത്യയിലെ സേവനദാതാക്കളുടെ കെ വൈ സി നല്‍കിയിട്ടുള്ള അക്കൗണ്ടുകളീലേക്ക് ഭാരത് ബില്‍ പേയ്മെന്റ് സിസ്റ്റം വഴി പണമടയ്ക്കാന്‍ കഴിയും എന്നാണ് റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിരിക്കുന്നത്.
ഇതു സംബന്ധിച്ച ഒരു പ്രഖ്യാപനം കഴിഞ്ഞമാസം ആര്‍ ബി ഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് നടത്തിയിരുന്നു. യൂട്ടിലിറ്റി, വിദ്യാഭ്യാസം മറ്റു സേവനങ്ങള്‍ എന്നിവയ്ക്കുള്ള ചാര്‍ജ്ജുകള്‍ ഇതോടെ ഭാരത് ബില്‍ പേയ്മെന്റ് സിസ്റ്റം വഴി അടക്കാനാകുമെന്നാണ് അന്ന് അദ്ദേഹം പറഞ്ഞു. ഇത് മുതിര്‍ന്ന പൗരന്മാര്‍ക്ക് ഏറെ ഉപകാരപ്രദമാണ്.നിലവില്‍ നെഫ്റ്റ്, ഐ എം പി എസ് എന്നീ ഇലക്ട്രോണിക് മോഡുകളില്‍ കൂടി മാത്രമേ പണമിടപാടുകള്‍ നടത്തുവാന്‍ സാധിക്കുമായിരുന്നുള്ളു. ആ സ്ഥിതി വിശേഷമാണ് ഇതോടെ മാറുന്നത്.