കൊച്ചി: തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത ഗൂഡാലോചന കേസ്, പാലക്കാട് കസബ പൊലീസ് എടുത്ത കലാപാഹ്വാന കേസ് എന്നിവ റദ്ദാക്കണമെന്നാവശ്യപ്പെട്ട്്സ്വപ്ന സുരേഷ് സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളി. പൊലീസിന് അന്വേഷണവുമായി മുന്നോട്ടു പോകാമെന്ന് കോടതി വ്യക്തമാക്കി. സ്വപ്ന സുരേഷ് നല്‍കിയ രണ്ട് ഹര്‍ജികളിലും പ്രാഥമികഘട്ടത്തിലാണ് അന്വേഷണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദം അംഗീകരിച്ചുകൊണ്ടാണ് ഹര്‍ജികള്‍ ഹൈക്കോടതി തള്ളിയത്.
ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയില്‍ കെ ടി ജലീലിനെതിരെ ഗുരുതര ആരോപണങ്ങളടങ്ങുന്ന സത്യവാങ്മൂലമാണ് സ്വപ്ന സുരേഷ് സമര്‍പ്പിച്ചിരുന്നത്. ജലീല്‍ രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചെയ്തുവെന്നും വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ യു.എ.ഇ ഭരണാധികാരികളുമായി കൂടിക്കാഴ്ച നടത്തിയെന്നതുള്‍പ്പെടെയുള്ള ആരോപണങ്ങള്‍ സത്യവാങ്മൂലത്തിലുണ്ടായിരുന്നു.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ തനിക്ക് അറിയാവുന്ന വിവരങ്ങള്‍ വെളിപ്പെടുത്തിയതിന്റെ പ്രതികാരമാണ് പൊലീസ് കേസ് എന്നായിരുന്നു സ്വപ്ന കോടതിയില്‍ പറഞ്ഞത്. എന്നാല്‍ കോടതി ഇത് മുഖവിലയ്ക്കെടുത്തില്ല. കേസെടുത്ത ശേഷം ആവശ്യമെങ്കില്‍ കുറ്റപത്രം റദ്ദാക്കാന്‍ സ്വപ്നയ്ക്ക് കോടതിയെ സമീപിക്കാം.