കുറ്റനാട്: പോക്സോക്കേസില്‍ മൊഴിമാറ്റിപ്പറയാന്‍ പ്രേരിപ്പിച്ച ബന്ധുവിനെതിരേ കേസെടുക്കാന്‍ ശിശുക്ഷേമ സമിതി നിര്‍ദ്ദേശിച്ചു.2020 ല്‍ കപ്പൂരില്‍ നടന്ന സംഭവത്തിലാണ് അയല്‍വാസി കൂടിയായ ബന്ധുവിനെതിരേ കേസെടുക്കാന്‍ ചാലിശ്ശേരി പോലീസിന് ജില്ലാ ശിശുക്ഷേമ സമിതി നിര്‍ദ്ദേശം നല്‍കിയത്.
കേസില്‍ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തിരുന്നു.തുടര്‍ നടപടികളുടെ ഭാഗമായി നിര്‍ഭയയുടെ സംരക്ഷണയില്‍ കഴിയുന്ന കുട്ടിയെ പട്ടാമ്പി പോക്സോ കോടതിയില്‍ എത്തിച്ചപ്പോള്‍ അയല്‍വാസിയും ബന്ധുവുമായ ഒരാള്‍ കുട്ടിയെ പ്രലോഭിപ്പിച്ച് മൊഴി മാറ്റാന്‍ പ്രേരിപ്പിക്കുകയായിരുന്നു.സമന്സുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് കോടതിയിലെത്തിയാണ് ഇയാള്‍ കുട്ടിയെ സ്വാധീനിക്കാന്‍ ശ്രമിച്ചത്.സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ശിശുക്ഷേമസമിതി ഇടപെട്ട് വീണ്ടും യഥാര്‍ഥ മൊഴി രേഖപ്പെടുത്തുകയും ബന്ധുവിനെതിരേ കേസെടുക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.