സ്വന്തം ലേഖകന്‍
മംഗളൂരു: ദലിത്, പിന്നാക്ക വിഭാഗക്കാരായ സ്കൂള്‍ വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചു എന്ന കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ചിത്രദുര്‍ഗ്ഗയിലെ ലിംഗായത്ത് സന്യാസിക്കെതിരെ ഭൂമി ഇടപാട് കേസില്‍ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. മുരുഗ മഠാധിപതി ഡോ.ശിവമൂര്‍ത്തി മുരുഗക്കും കൂട്ടുപ്രതിക്കുമെതിരെ ചിത്രദുര്‍ഗ്ഗ അഡി.ചീഫ് മെട്രൊപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതി (നാല്) വാറണ്ട് പുറപ്പെടുവിച്ചത്.
കെന്‍ഗേരി പൊലീസ് 2010 റജിസ്റ്റര്‍ ചെയ്ത കേസിന്റെ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചതിനെത്തുടര്‍ന്നാണ് കോടതി ഉത്തരവ്.സന്യാസിയും ആനന്ദ് കുമാര്‍ എന്നയാളും ചേര്‍ന്ന് ഭൂമി ഇടപാടില്‍ തട്ടിപ്പ് നടത്തിയതായി ആരോപിച്ച് പി.എസ്.പ്രകാശ് എന്ന പാഞ്ചിയാണ് പൊലീസില്‍ പരാതി നല്‍കിയത്.രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ ഭൂമിയുള്ള മഠത്തിന്റെ ദക്ഷിണ ബംഗളൂരു കെന്‍ഗേരി ഹൊബ്ലി സുലികെരെ ഗ്രാമത്തിലെ 7.18 ഏക്കര്‍ വില്പനയിലെ തിരിമറിയിലൂടെ മഠത്തിന് ലഭിക്കേണ്ട ഏഴ് കോടിയിലേറെ രൂപ കൈമറഞ്ഞു എന്നാണ് പരാതി.ഏക്കറിന് കോടി രൂപ വിപണി വിലയുള്ള ഭൂമി 49 ലക്ഷം രൂപ നിരക്കിലാണ് മഠാധിപതി ആനന്ദ് കുമാറിന് വിറ്റത്.
കേസിന്റെ വാദം കേള്‍ക്കല്‍ നവംബര്‍ ഒന്നിലേക്ക് മാറ്റി.
മഠം വക ഹോസ്റ്റല്‍ അന്തേവാസികളായിരിക്കെ 15,16 വയസ്സുകാരായ കുട്ടികളെ പീഡിപ്പിച്ചു എന്ന കേസില്‍ അറസ്റ്റിലായ സന്യാസിയെ കോടതി ഈ മാസം അഞ്ചു വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു.സന്യാസി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹരജി നിലനില്‍ക്കേയാണ് ഭൂമി തട്ടിപ്പ് കേസില്‍ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.