കാസര്‍കോട്:പൊതുവിതരണ മേഖലയുടെ പ്രവര്‍ത്തനങ്ങള്‍ സുതാര്യവും ജനകീയവുമാക്കാനുമുള്ള നടപടികളാണ് സര്‍ക്കാര്‍ ഏറ്റെടുത്ത് നടത്തി വരുന്നതെന്ന് ഭക്ഷ്യ, പൊതു വിതരണ, ഉപഭോക്തൃകാര്യ, ലീഗല്‍, മെട്രോളജി വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ പറഞ്ഞു . വെള്ളരിക്കുണ്ട് മിനി സിവില്‍ സ്റ്റേഷനില്‍ താലൂക്ക് സപ്ലൈസ് ഓഫീസിന്റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. റേഷന്‍ കടകള്‍ ആധുനികവത്കരിക്കാനുളള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നു. റേഷന്‍ കട അടിസ്ഥാനത്തില്‍ വിജിലന്‍സ് കമ്മിറ്റികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കും ജന പ്രതിനിധികളേയും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളേയും ഉള്‍പ്പെടുത്തി കമ്മിറ്റികള്‍ രൂപികരിക്കും.

റേഷന്‍ കടകള്‍ സംബന്ധിച്ചുള്ള പരാതികള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ ഈ കമ്മിറ്റികള്‍ വഴി സാധിക്കും. റേഷന്‍ കടകളില്‍ പരാതി പരിഹാര ബോക്സുകള്‍ സ്ഥാപിച്ചതു വഴി ആയിരക്കണക്കിനു പരാതികള്‍ ലഭിച്ചു.
വെള്ളരിക്കുണ്ട് സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റ് മന്ത്രി സന്ദര്‍ശിച്ചു പരിശോധന നടത്തി.
ഇ. ചന്ദ്രശേഖരന്‍ എം എല്‍ എ അധ്യക്ഷനായി, രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി, എം.രാജഗോപാല്‍ എംഎല്‍എ , പൊതു വിതരണ ഉപഭോക്തൃ കാര്യ കമ്മീഷണര്‍ ഡോ. ഡി.സജിത്ത് ബാബു, പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ലക്ഷ്മി, ബളാല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം, ജില്ലാ പഞ്ചായത്ത് അംഗം ജോമോന്‍ ജോസ് , ബ്ലോക്ക് പഞ്ചായത്ത് പരപ്പവൈസ് പ്രസിഡന്റ് കെ. ഭൂപേഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.