ന്യൂഡല്‍ഹി:പേപ്പട്ടികളെ കൊല്ലാന്‍ അനുവദിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കി. നാളെ ഇടക്കാല ഉത്തരവ് വരാനിരിക്കെയാണ് കേരളത്തിന്റെ അപേക്ഷ. നിലവില്‍ നമ്മുടെ നാട്ടില്‍ ഏതെങ്കിലും മൃഗങ്ങളില്‍ നിന്നോ പക്ഷികളില്‍ നിന്നോ രോഗബാധ ഉണ്ടെന്ന് സംശയിച്ചാല്‍ ആ മൃഗങ്ങളെയും പക്ഷികളെയും കൊല്ലാനുള്ള വൃവസ്ഥ നിയമപരമായുണ്ട്. പക്ഷേ പേപ്പട്ടികളുടെ കാര്യത്തില്‍ മാത്രം നിയമം അതിന് എതിരാണ്. പേവിഷ ബാധയുണ്ടെന്ന് അറിഞ്ഞാല്‍ പോലും അതിനെ കൊല്ലാതെ തടവില്‍ വയ്ക്കുക എന്നതാണ് നിലവിലെ രീതി. പക്ഷേ കേരളത്തിലെ ഇപ്പോഴത്തെ അടിയന്തര സാഹചര്യം പരിഗണിച്ചുകൊണ്ട് പേപ്പട്ടികളെ കൊല്ലാനുള്ള അനുമതി നല്‍കണമെന്ന് സര്‍ക്കാര്‍ കോടതിയോട് അപേക്ഷിച്ചു.
പേപ്പട്ടികളുടെ ജനന നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന് എബിസി ചട്ടങ്ങള്‍ നടപ്പാക്കുന്നുണ്ട്. നേരത്തെ ഇത് നടത്തിയത് കുടുംബശ്രീയായിരുന്നു. എന്നാല്‍ അനിമല്‍ വെല്‍ഫയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യയുടെ അനുമതി ഇല്ലാത്തതിനാല്‍ കുടുംബശ്രീയെ ഇതില്‍നിന്നും ഒഴിവാക്കുകയായിരുന്നു. എന്നാലിപ്പോഴത്തെ സാഹചര്യം അനുസരിച്ച് ഇവര്‍ക്ക് ഇടക്കാല അനുമതിയെങ്കിലും നല്‍കണമെന്ന് സര്‍ക്കാര്‍ കോടതിയോട് ആവശ്യപ്പെട്ടു.