കോഴിക്കോട്: പെട്രോള്‍ പമ്പില്‍ ജീവനക്കാരനെ കെട്ടിയിട്ട് മര്‍ദിച്ചശേഷം അരലക്ഷം രൂപ കവര്‍ന്ന കേസില്‍ അന്വേഷണം ഊര്‍ജ്ജിതം. കോട്ടൂളിയിലെ എസ്.പി പെട്രോള്‍ പമ്പില്‍ വ്യാഴാഴ്ച രാത്രി പന്ത്രണ്ടരയോടെയാണ് സംഭവം. പമ്പിലെ ജീവനക്കാരന്‍ മുഹമ്മദ് റാഫിയെയാണ് ആക്രമിച്ച് അജ്ഞാതന്‍ പണം കവര്‍ന്നത്. കലക്്ഷന്‍ എണ്ണി തിട്ടപ്പെടുത്തുന്നതിനിടെയാണ് കവര്‍ച്ച നടന്നത്. മുഹമ്മദ് റാഫിയുടെ മൊബൈല്‍ഫോണും പണവും അക്രമി കൈവശപ്പെടുത്തുകയുണ്ടായി. റാഫിക്ക് മുഖത്തും ചുണ്ടിനും പരിക്കേല്‍ക്കുകയുണ്ടായി.
നല്ല തിരക്ക് അനുഭവപ്പെടുന്ന പെട്രോള്‍ പമ്പാണ് കോട്ടൂളിയിലേത്. 18 സ്ഥിരം ജീവനക്കാരും ആറ് സഹായികളും ഇവിടെയുണ്ട്. നഗരഹൃദയത്തില്‍ നിന്ന് മാറിയുള്ള സ്ഥലത്തായതിനാല്‍ രാത്രികാലങ്ങളില്‍ ഇവിടെ ആളുകള്‍ കുറവായിരിക്കും. രാത്രി രണ്ടുമണി വരെ പമ്പ് പ്രവര്‍ത്തിക്കാറുണ്ട്. സമീപത്തുള്ള കടകളെല്ലാം നേരത്തെ അടയ്ക്കും. അതുകൊണ്ടുതന്നെ ആള്‍സഞ്ചാരം കുറവായിരിക്കും. ഇത് മുതലെടുത്താണ് കവര്‍ച്ച ആസൂത്രണം ചെയ്തതെന്ന് ചൂണ്ടികാണിക്കപ്പെടുന്നു.
കോട്ടൂളിയില്‍ നേരത്തെയും സമാനമായ രീതിയില്‍ പെട്രോള്‍ പമ്പില്‍ നിന്ന് കവര്‍ച്ച നടന്നിട്ടുണ്ട്. 2012ല്‍ പെട്രോള്‍ പമ്പില്‍ ജീവനക്കാരനെ ആക്രമിച്ച് രണ്ടു ലക്ഷം രൂപ കവര്‍ന്ന സംഭവം ഉണ്ടായിട്ടുണ്ട്. എണ്ണിത്തിട്ടപ്പെടുത്തി വെച്ച പണമാണ് അന്ന് മോഷ്ടിച്ചത്്. 2017 ഒക്ടോബറില്‍ ചെറൂട്ടി റോഡ്-കോര്‍ട്ട് റോഡ് ജംഗ്ഷനിലെ പെട്രോള്‍ പമ്പില്‍ നിന്ന് 18,200 രൂപ കവര്‍ന്ന സംഭവവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2018ല്‍ കട്ടാങ്ങലിലെ പമ്പില്‍ നിന്ന് തോക്കുചൂണ്ടി നടത്തിയ കവര്‍ച്ചയില്‍ 1.08ലക്ഷം രൂപയാണ് നഷ്ടമായത്. 2020ല്‍ നടക്കാവിലെ പെട്രോള്‍ പമ്പില്‍ നിന്ന് 32,000 രൂപ കവര്‍ച്ച ചെയ്യുകയുണ്ടായി. ജീവനക്കാരന്റെ കണ്ണില്‍ മണ്ണ് വാരിയിട്ടായിരുന്നു കവര്‍ച്ച. സ്ഥിരം കവര്‍ച്ചാ സംഘങ്ങളെ കേന്ദ്രീകരിച്ചാണ് കോട്ടൂളി കേസ് പൊലീസ് അന്വേഷിക്കുന്നത്. കോട്ടൂളിയിലെ മൊബൈല്‍ ടവറുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്