കോഴിക്കോട് : നൈനാംവളപ്പ് തീരത്ത് നിന്ന് എട്ട് കിലോമീറ്റര്‍ അകലെ പുറംകടലില്‍ അകപ്പെട്ട പോത്തിനെ മത്സ്യ ബന്ധന തൊഴിലാളികള്‍ രക്ഷിച്ചു. ഇന്നലെ പുലര്‍ച്ചെ രണ്ടു മണിയോടെയാണ് കോതി അഴീമുഖത്ത് നിന്ന് മത്സ്യ ബന്ധനത്തിനായി പുറപ്പെട്ട ഫൈബര്‍ വള്ളത്തിലുളളവര് പുറം കടലില്‍ പോത്ത് നീന്തുന്നതായി കണ്ടത്. മത്സ്യ ബന്ധനത്തിനിടെ പ്രത്യേക ശബ്ദം കേട്ടപ്പോള്‍ ലൈറ്റ് അടിച്ചു നോക്കിയപ്പോഴാണ് പോത്തിനെ കണ്ടത്. അവശനിലയിലായിരുന്ന പോത്ത് ശ്വാസം കിട്ടാനായി ഇടക്കിടെ തല മുകളിലേക്കുയര്ത്തുന്നുണ്ടായിരുന്നു.
വള്ളങ്ങളിലുണ്ടായിരുന്ന എ. ടി. റാസി, എ.ടി.ഫിറോസ്, എ.ടി. സക്കീര്‍, എ. ടി.ദില്‍ഷാദ് എന്നിവര്‍ ചേര്‍ന്നാണ് പോത്തിനെ രക്ഷിച്ചത്. കടലില്‍ നീന്തി അവശ നിലയിലായിരുന്നു പോത്ത്. വള്ളത്തിനോട് അടുപ്പിച്ച ശേഷം മുങ്ങാതിരിക്കാന്‍ രണ്ട് കന്നാസുകള്‍ കെട്ടി പോത്തിനെ പതുക്കെ കരയിലേക്ക് കൊണ്ടുവരികയായിരുന്നു. പോത്തിനെയും കൊണ്ട് കോതി അഴിമുഖത്ത് എത്തുമ്പോള്‍ രാവിലെ 8 മണി കഴിഞ്ഞിരുന്നു. മത്സ്യ ബന്ധനം മുടങ്ങിയതിനാല്‍ ഒരു ദിവസത്തെ വരുമാനം നഷ്ടമായെങ്കിലും മിണ്ടാപ്രാണിയെ രക്ഷിക്കാന്‍ കഴിഞ്ഞതിന്റെ ചാരിഥാര്‍ത്ഥ്യത്തിലാണ് മത്സ്യത്തൊഴിലാളികള്‍. അതേസമയം ഇത്ര ദൂരം പോത്ത് നീന്തിയത് അത്ഭുതകരമാണെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. അറഫ ഷദ, റിസ ഫൈബര്‍ വള്ളങ്ങളാണ് രക്ഷാ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടത്. പോത്തിനെ വൈകുന്നേരത്തോടെ ഉടമസ്ഥന് വന്ന് കൊണ്ടു പോയി.