സ്വന്തം ലേഖകൻ
നാദാപുരം: നാദാപുരത്തിന്റെ രാഷ്ട്രീയ സാംസ്‌കാരിക വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ നിറ സാന്നിധ്യമായിരുന്ന പി. ശാദുലിയുടെ ഓർമ്മകൾ പങ്കു വെക്കുന്നതിന് ചന്ദ്രിക റീഡേഴ്‌സ് ക്ലബ്ബ് കല്ലാച്ചി ശിഹാബ് തങ്ങൾ സൗധത്തിൽ സംഘടിപ്പിച്ച സ്‌മൃതി സായാഹ്നം വൈവിധ്യമാർന്ന സ്‌മരണാനുഭവങ്ങളുടെ വാചക വേദിയായി. ഒരുദേശത്തിന്റെ ആദരവും പ്രിയവും പിടിച്ചു പറ്റി ലളിത ജീവിതം നയിച്ച മാതൃകാ പുരുഷനായിരുന്നു ശാദുലി എന്ന് സ്‌മൃതി സായാഹ്നം വിലയിരുത്തി. മുതിർന്ന മാധ്യമ പ്രവർത്തകൻ ടി. പി ചെറൂപ്പ ചടങ്ങ് ഉദ്ഘാടനം ചെയ്തു. റീഡേഴ്സ് ക്ലബ്ബ് ചെയർമാൻ എം. കെ അഷ്‌റഫ് അധ്യക്ഷത വഹിച്ചു. ട്രഷറർ യു. കെ റാഷിദ് സ്വാഗതം പറഞ്ഞു. ദൗർഭാഗ്യകരമായ സംഘർഷത്തിന്റെ കാലത്ത് സ്വന്തം അഭിപ്രായങ്ങളിൽ ഉറച്ചു നിന്നു കൊണ്ടു തന്നെ, സമാധാനം പുനഃസ്ഥാപിക്കാൻ ശാദുലി നടത്തിയ നീക്കങ്ങൾ പ്രശംസാവഹമായിരുന്നെന്ന് നാദാപുരം സംഭവങ്ങളുടെ കാലം ഓർമിപ്പിച്ചു കൊണ്ട് ദേശാഭിമാനി ലേഖകൻ കെ. കെ ശ്രീജിത്ത് പറഞ്ഞു. സ്നേഹ ബുദ്ധ്യാ പിഴവുകൾ ചൂണ്ടിക്കാണിക്കുന്പോഴും പത്ര പ്രവർത്തകരോടും സാംസ്‌കാരിക പ്രവർത്തകരോടും അദ്ദേഹം കാണിച്ചിരുന്ന അടുപ്പവും സ്നേഹവും മാതൃഭൂമി ലേഖകൻ ഇസ്മാഈൽ വാണിമേൽ ഓർത്തു. ആദർശങ്ങളിൽ വിട്ടു വീഴ്ച ഇല്ലായിരുന്നു. എന്നാൽ ജീവിതത്തിൽ തീർത്തും വിട്ടു വീഴ്ച തന്നെയായിരുന്നു ശാദുലിക്ക് എന്ന് മുസ്‌ലിം ലീഗ് ജില്ലാ സീനിയർ വൈസ് പ്രസിഡന്റ് അഹമ്മദ് പുന്നക്കൽ വ്യക്തമാക്കി. ഒരു സെക്കുലർ സമൂഹത്തിൽ എങ്ങനെ ജീവിക്കണമെന്ന് പഠിപ്പിച്ച സി. എച്ച് ആയിരുന്നു ശാദുലിയുടെ മാതൃകാ പുരുഷനെന്ന് മാധ്യമ പ്രവർത്തകൻ സി. വി. എം വാണിമേൽ പറഞ്ഞു.ഹമീദ് വലിയാണ്ടി, കെ. കെ നവാസ്, അഹമ്മദ് കുറുവയിൽ, ഇ. ഹാരിസ്, സി. കെ ജമീല, ഹാരിസ് കയ്യാല, കെ. വി അർഷാദ്, വി. വി.കെ ജാതിയേരി, ഇ. കെ കരണ്ടോട്, റംല കുട്ട്യാപ്പാണ്ടി, മസ്ബൂബ അസീദ്, അർശിന നരിപ്പറ്റ, അയിഷാ ഗഫൂർ, ചാരുമ്മൽ ഇബ്രാഹിം, നിസാർ എടത്തിൽ, ഇ. വി അറഫാത്ത് പ്രസംഗിച്ചു. കോ ഓർഡിനേറ്റർ ടി. കെ അബ്ബാസ് നന്ദി പറഞ്ഞു.