കോഴിക്കോട്:സംഘപരിവാറിന് അനുകൂലമായി പെരുമാറുന്നവര്‍ക്ക് പാരിതോഷികങ്ങള്‍ ലഭിക്കുന്ന സ്ഥിതിയുണ്ടെന്ന് രാജ്യസഭാ എം.പി സ്ഥാനത്തേക്ക് ഒളിംപ്യന്‍ പി.ടി. ഉഷയെ നാമനിര്‍ദേശം ചെയ്തതിനെതിരെ സി.പി.ഐ.എം നേതാവ് എളമരം കരീം. പി.ടി. ഉഷയുടെ പേരെടുത്ത് പറയാതെയായിരുന്നു വിമര്‍ശനം.
”അയോധ്യ കേസില്‍ വിധി പുറപ്പെടുവിച്ച സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയെ വിരമിച്ചതിന്റെ അടുത്തമാസം രാജ്യസഭാംഗമായി നാമനിര്‍ദേശം ചെയ്തു.
ഇപ്പോള്‍ കേരളത്തില്‍നിന്നും ഒരാളെ രാജ്യസഭയിലേക്കു നാമനിര്‍ദേശം ചെയ്തു.അതിന് തനിക്ക് യോഗ്യതയുണ്ടെന്ന് കുറച്ചുകാലമായി അവര്‍ തെളിയിച്ചുകൊണ്ടിരിക്കുകയായിരുന്നു,” എളമരം കരീം പറഞ്ഞു.
ഏഷ്യാഡ് യോഗ്യതയ്ക്ക് പുറത്തുള്ള യോഗ്യതയാണ് തെളിയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.പി.ടി. ഉഷക്ക് പുറമെ, സംഗീത സംവിധായകന് ഇളയരാജ, വിരേന്ദ്രേ ഹെഗ്ഡേ, സംവിധായകന് വിജയേന്ദ്ര പ്രസാദ് ഗുരു എന്നിവരെയാണ് രാജ്യസഭയിലേക്ക് രാഷ്ട്രപതി നാമനിര്‍ദേശം ചെയ്തത്.
മനുഷ്യാവകാശപ്രവര്‍ത്തക ടീസ്ത സെതല്‍വാദിനെയും ഗുജറാത്ത് മുന്‍ ഡി.ജി.പി. ആര്.ബി. ശ്രീകുമാറിനെയും വിട്ടയക്കണമെന്നാവശ്യപ്പെട്ട് ഭരണഘടനാ സംരക്ഷണസമിതി കോഴിക്കോട് ടൗണ്‍ഹാളില്‍ നടത്തിയ പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എളമരം കരീം.