Friday, June 20, 2025

പിന്‍വാതില്‍ നിയമനത്തില്‍ അടിയന്തര പ്രമേയ നോട്ടീസ്

Must Read

നിയമസഭ പ്രക്ഷുബ്ധം

സഭയില്‍ വാക്പോര്
ആസൂത്രിത പ്രചാരണമെന്ന് മന്ത്രി എം.ബി രാജേഷ്
സമാന്തര റിക്രൂട്ട്മെന്റെന്ന് സതീശന്‍

പ്രത്യേക ലേഖകന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് പിന്‍വാതില്‍ നിയമനം നടക്കുന്നെന്ന് ആരോപിച്ച് നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസ്. പ്രമേയത്തിന് അനുമതി നല്‍കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയുടെ നടുത്തളത്തില്‍ ഇറങ്ങി മുദ്രാവാക്യം മുഴക്കി. ബഹളത്തെ തുടര്‍ന്ന് നടപടികള്‍ വേഗത്തിലാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞു.

ശൂന്യവേളയില്‍ പ്രതിപക്ഷത്തെ പി.സി വിഷ്ണുനാഥാണ് നോട്ടീസ് നല്‍കിയത്. പി.എസ്.സിയെയും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനെയും നോക്കുകുത്തിയാക്കി സംസ്ഥാനത്ത് പിന്‍വാതില്‍ നിയമനം തകൃതിയായി നടക്കുകയാണെന്ന് കണക്കുകള്‍ ഉദ്ധരിച്ച് വിഷ്ണുനാഥ് വിവരിച്ചു. തിരുവനന്തപുരം നഗരസഭയില്‍ 295 ഒഴിവുകളിലേക്ക് നിയമനം നടത്താന്‍ ആവശ്യപ്പെട്ട് മേയര്‍ സി.പി.എം ജില്ലാ സെക്രട്ടറിക്ക് അയച്ച കത്ത് പിന്‍വാതില്‍ നിയമനം നടത്തുന്നതിന് തെളിവാണ്.

സി.പി.എമ്മിലെ വീതംവെയ്പ്പിനെ തുടര്‍ന്നുള്ള തര്‍ക്കമാണ് കത്ത് പുറത്താവാന്‍ കാരണം. സര്‍ക്കാര്‍-അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പാര്‍ട്ടിക്കാരെയും സ്വന്തക്കാരെയും തിരുകിക്കയറ്റാനാണ് സി.പി.എം ശ്രമിക്കുന്നത്. വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ റാങ്ക് പട്ടികയിലിടം പിടിച്ചിട്ടും നിയമനം ലഭിക്കാത്ത അനേകായിരം ഉദ്യോഗാര്‍ത്ഥികളെ വഞ്ചിക്കുന്ന നിലപാടാണ് സര്‍ക്കാരും ഭരണനേതൃത്വവും സ്വീകരിക്കുന്നതെന്നും വിഷ്ണുനാഥ് ആരോപിച്ചു.

അതേസമയം, പ്രതിപക്ഷ ആരോപണങ്ങളെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് തള്ളി. പിന്‍വാതില്‍ നിയമത്തിന്റെ പേരില്‍ വ്യാപകമായ വ്യാജ പ്രചാരണം നടക്കുകയാണെന്ന് മന്ത്രി മറുപടി നല്‍കി. ഇത് ആസൂത്രിതമായി സര്‍ക്കാരിനെതിരെ നടക്കുന്നതാണ്. ഒന്നാം പിണറായി സര്‍ക്കാറിന്റെ കാലം മുതല്‍ ഇത്തരം പ്രചാരണം നടക്കുന്നുണ്ട്. പല ആരോപണങ്ങളും അതിശയോക്തിയും അതിവൈകാരികതയും ചേര്‍ത്ത് അവതരിപ്പിക്കുകയാണ്. ഉദ്യോഗാര്‍ത്ഥികളോട് അനീതി ചെയ്തെന്ന് വിശ്വസിപ്പിക്കാന്‍ ശ്രമം നടക്കുന്നു. ഇത് ജനം മുഖവിലക്കെടുക്കില്ല.

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് 1.61 ലക്ഷം നിയമനങ്ങള്‍ നടത്തി. ഒന്നാം പിണറായി സര്‍ക്കാര്‍ മുതല്‍ ഇതുവരെ ആറര വര്‍ഷം കൊണ്ട് 1.99 ലക്ഷം നിയമനങ്ങള്‍ നടത്തി. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തേക്കാള്‍ 18000 കൂടുതലാണിത്. ബോര്‍ഡും കോര്‍പറേഷനും അടക്കം 55 സ്ഥാപനങളിലെ നിയമനം കൂടി പിഎസ് സിക്ക് വിട്ടതായും മന്ത്രി മറുപടി നല്‍കി. തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയറുടേതെന്ന് പറയപ്പെടുന്ന കത്തിനെ ചൊല്ലിയാണ് വിവാദമുണ്ടാകുന്നത്. എഴുതിയിട്ടില്ലെന്നും കിട്ടിയിട്ടില്ലെന്നും പറയുന്ന കത്തിനെ ചൊല്ലിയാണ് പ്രതിപക്ഷം ബഹളം വെയ്ക്കുന്നത്. വ്യാജക്കത്ത് ഉയര്‍ത്തി പ്രതിപക്ഷം പുകമറ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

മന്ത്രി രാജേഷിന്റെ മറുപടിയെ തുടര്‍ന്ന് സ്പീക്കര്‍ എ.എന്‍ ഷംസീര്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതിനിടെ വാക്കൗട്ട് പ്രസംഗത്തിനായി എഴുന്നേറ്റ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ തടസ്സപ്പെടുത്താനായി ഭരണപക്ഷത്തുനിന്ന് ശ്രമമുണ്ടായി. പ്രസംഗത്തിനിടെ മന്ത്രിമാരുള്‍പ്പെടെ ഇടപെട്ടതോടെ പ്രതിപക്ഷം മുദ്രാവാക്യം വിളിയുമായി നടുത്തളത്തിലേക്കിറങ്ങി. ബഹളം ശമിക്കാത്തതിനെ തുടര്‍ന്ന് സ്പീക്കര്‍ നടപടികള്‍ വേഗത്തിലാക്കുകയായിരുന്നു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img