കോഴിക്കോട് : മാധ്യമങ്ങളെയും പൊതു പ്രവര്‍ത്തകരെയും അടക്കം എതിരായി സംസാരിക്കുന്ന എല്ലാവരെയും അടിച്ചമര്‍ത്തുന്ന ഫാസിസ്റ്റ് ശൈലിയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. പിണറായി വിജയന്‍ സര്‍ക്കാരിന്റെ അഴിമതിയെ ചോദ്യം ചെയ്യുന്നവരെയെല്ലാം അടിച്ചമര്‍ത്തുമെന്ന നിലപാട് തിരുത്തിയില്ലങ്കില്‍ അതിനെതിരെ വലിയ ജനകീയ പ്രക്ഷോഭം ഉയര്‍ന്നു വരുമെന്നും സുരേന്ദ്രന്‍ മുന്നറിയിപ്പ് നല്‍കി. കോഴിക്കോട് കഴിഞ്ഞ ദിവസം അഴിമതിക്കെതിരെ സമരം ചെയ്തതിന് പോലീസ് അതിക്രമത്തിനിരയായ യുവമോര്‍ച്ച വനിതാ നേതാവ് വിസ്മയയെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുവമോര്‍ച്ചയുടെ വനിതാ പ്രവര്‍ത്തകരായ വിസ്മയക്കും, നയനയടക്കമുള്ളവര്‍ക്കുമെതിരെ നടന്നത് പുരുഷ പോലീസിന്റെ അതിക്രൂരമായ അക്രമമാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു. സ്ത്രീകള്‍ക്കു നേരെ പോലീസ് നടപടി ഉണ്ടാകുമ്പോള്‍ വനിതാ പോലീസ് ഉണ്ടാകണമെന്ന സുപ്രീം കോടതിയുടെ ഉത്തരവാണ് ലംഘിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ദേശീയ വനിതാ കമീഷനും മനുഷ്യാവകാശ കമീഷനും പരാതി നല്‍കിയതായി സുരേന്ദ്രന്‍ അറിയിച്ചു.
സര്‍ക്കാരിന്റെ ഫാസിസ്റ്റ് സമീപനം മാധ്യമങ്ങള്‍ക്കു നേരെയും പ്രയോഗിക്കുന്നതിന്റെ ഉദാഹരണമാണ് കോഴിക്കോട് ഏഷ്യാനെറ്റ് ന്യൂസ് ഓഫീസില്‍ നടന്ന റെയ്ഡ്. ബിബിസി ഓഫീസില്‍ ആദായനികുതി വകുപ്പ് നിയമ പ്രകാരം പരിശോധന നടത്തിയപ്പോള്‍ രോഷം കൊണ്ട പിണറായി ഇപ്പോള്‍ മൗനവ്രതത്തിലാണെന്നും കെ. സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു.