പാലക്കാട്:മുട്ടിക്കുളങ്ങര പൊലീസ് ക്യാംപിനു സമീപം രണ്ടു പൊലീസുകാരെ മരിച്ച നിലയില്‍ കണ്ടെത്തി. പൊലീസ് ക്യാംപിനോടു ചേര്‍ന്ന വയലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഹവില്‍ദാര്‍മാരായ മോഹന്‍ദാസ്, അശോകന്‍ എന്നിവരാണ് മരിച്ചത്. ഇവരെ കഴിഞ്ഞ ദിവസം മുതല്‍ കാണാനില്ലായിരുന്നു.
വയലില്‍ രണ്ടു ഭാഗത്തായിട്ടാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഷോക്കേറ്റാണ് ഇരുവരും മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഇരുവരുടെയും ദേഹത്ത് പൊള്ളലേറ്റതു പോലെയുള്ള പാടുകളുണ്ട്. സ്ഥലത്തെത്തിയ ജില്ലാ പൊലീസ് മേധാവി ആര്‍.വിശ്വനാഥ് സ്ഥിതിഗതികള്‍ വിലയിരുത്തി.
വിദഗ്ധ പരിശോധനയ്ക്കു ശേഷം മാത്രമേ മരണ കാരണം സ്ഥിരീകരിക്കാനാകൂ എന്ന് എസ്പി അറിയിച്ചു. പന്നിക്കുവച്ച കെണിയില്‍പ്പെട്ടോ എന്നത് ഉള്‍പ്പെടെ പരിശോധിക്കും. ഇവരെ കണ്ടെത്തിയ സ്ഥലത്ത് ഷോക്കേല്‍ക്കാനുള്ള സാധ്യതയില്ലാത്തതാണ് ദുരൂഹത വര്‍ധിപ്പിക്കുന്നത്. മറ്റെവിടെയെങ്കിലും വച്ചു മരിച്ചതിനുശേഷം വയലില്‍ കൊണ്ടിട്ടതാണോയെന്നും അന്വേഷിക്കും.
വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം ഇന്ന് വൈകിട്ടോ നാളെ രാവിലെയോ ആയിരിക്കും പോസ്റ്റ്മോര്‍ട്ടം നടത്തുക.