കോഴിക്കോട് :നാടന്‍ കലാ പഠന ഗവേഷണ അവതരണ സംഘമായ പാട്ടുകൂട്ടം കോഴിക്കോടിന്റെ ഇരുപത്തി മൂന്നാംവാര്‍ഷിക ആഘോഷപരിപാടികള്‍ക്ക് ലോക ഫോക് ലോര്‍ ദിനത്തില്‍ തുടക്കം കുറിച്ചു.ഒരു വര്‍ഷവും ഒരു മാസവും നീളുന്ന പാട്ടുകൂട്ടം വാര്‍ഷികപരിപാടികളും ഫോക്ലോര് ദിനാചരണവും കോഴിക്കോട് ടൗണ്‍ ഹാളില്‍ കോഴിക്കോട് കോര്പറേഷന് മേയര്‍ ഡോ. ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.പാട്ടുകൂട്ടം വാര്‍ഷിക പുരസ്കാരങ്ങള്‍ പ്രശസ്ത സാഹിത്യകാരി ഡോ. ഖദീജ മുംതാസ് വിതരണം ചെയ്തു. കാലിക്കറ്റ് യൂണിവേഴ്സിറ്റി ഫോക്ലോര് വകുപ്പ് മുന്‍ മേധാവി ഡോ. ഇ കെ ഗോവിന്ദ വര്‍മ്മ രാജ ഫോക്ലോര് ദിനപ്രഭാഷണം നടത്തി.
യശശരീരയായ പാരമ്പര്യനാട്ടിപ്പാട്ട് കലാകാരി ചേളന്നൂര്‍, കുരുന്നാളിമീത്തല് അരിയായിക്കു വേണ്ടി സഹോദരന് കൂഴക്കോട് കൃഷ്ണന് കുട്ടി, സംഗീത സംവിധായകനും കലാസംഘാടകനുമായ വിത്സണ് സാമുവല്‍, പ്രശസ്ത ഗാനരചയിതാവ് കാനേഷ് പൂനൂര്, പ്രാദേശിക ടി വി ചാനല്‍ പ്രവര്ത്തകന് എ രാജേഷ് എന്നിവര്‍ പുരസ്കാരം ഏറ്റുവാങ്ങി. കവിയും നാടന്‍ പാട്ട് കലാകാരനുമായ ബാബുരാജ് കീഴരിയൂര്‍, ചെണ്ടമേളത്തില്‍ ഇന്ത്യന്‍ ഗിന്നസ് റെക്കോര്‍ഡ് നേടിയ വിഷ്ണു ഒടുമ്പ്ര എന്നിവരെ അനുമോദിച്ചു.സ്വാഗതസംഘം ചെയര്മാന് ബാബു പറശ്ശേരി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
വര്‍ക്കിങ് ചെയര്മാന് ജഗത് മയന് ചന്ദ്രപുരി പ്രശസ്തി പത്രം വായിച്ചു.
നാട്ടുകലാകാരക്കൂട്ടം ജില്ലാ പ്രസിഡന്റ് റീജു ആവള ആശംസകള്‍ അര്‍പ്പിച്ചു.
രാവിലെ നടന്ന ഫോക് ലോര്‍ സെമിനാര്‍ ഡോ. ഇ കെ ഗോവിന്ദവര്‍മ്മ രാജ ഉദ്ഘാടനം ചെയ്തു.ഡോ. എം പി വാസു മൂടൂര്‍(ഗോത്രകലകളുടെ സാംസ്കാരിക പരിസരം ), സന്ദീപ് സത്യന് (അനുഷ്ഠാനകലകളും സാമൂഹിക പശ്ചാത്തലവും ), റഹീന കൊളത്തറ (മാപ്പിളപ്പാട്ടിന്റെ നാള് വഴികള്‍ ) എന്നിവര്‍ വിഷയാവതരണം നടത്തി. ഫോക്ലോറിസ്റ്റ് പി ടി രജനി, ഗാന രചയിതാവ് ബാപ്പു വാവാട്, യാസിര്‍ കുരിക്കള്‍, കോട്ടക്കല്‍ ഭാസ്കരന്, സാദിഖ് മാത്തോട്ടം, റുഖിയ ടീച്ചര്‍ തുടങ്ങിയവര്‍ സംവദിച്ചു. സ്വാഗതസംഘം വര്‍ക്കിങ് ചെയര്മാന് ജഗത് മയന് ചന്ദ്രപുരി അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കമ്മിറ്റി അംഗങ്ങളായ ടി എം സീനത്ത് സ്വാഗതവും സിന്‍സി സുദീപ് നന്ദിയും പറഞ്ഞു.
തനത് നാട്ടുവാദ്യങ്ങളായ മുളം ചെണ്ട, ഇടംകാരം ചെണ്ട, തുടി, തകില്, വടിച്ചിലമ്പ് എന്നിവയുടെ അകമ്പടിയോടെ അരങ്ങേറിയ ‘ വാമൊഴിത്താളം ‘ നാടന്‍ പാട്ടുത്സവം ആസ്വാദകര്‍ക്ക് നവ്യാനുഭവമായി.നൂറോളം പാട്ടുകൂട്ടം കലാകാരന്മാര് കൊട്ടിലും പാട്ടിലും ആട്ടത്തിലും പങ്കാളികളായി.
പാട്ടുകൂട്ടം ഡയറക്ടറും സ്വാഗതസംഘം ജനറല്‍ കണ്‍വീനറുമായ ഗിരീഷ് ആമ്പ്ര, മാനേജര്‍ അബ്ദുള്‍ റൗഫ് നാലകത്ത്, പ്രോഗ്രാം കമ്മിറ്റി ഭാരവാഹികളായ ടി എം സത്യജിത്ത്, ഒ ബി കുറുപ്പ്, മണിരാജ് പൂനൂര്, ലിജ കെ, നൗഷാദ് ഷാഡോ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.