തിരുവനന്തപുരം: പ്രദര്‍ശനത്തിന് മുമ്പെ ചര്‍ച്ചയായി കുഞ്ചാക്കോ ബോബന് സിനിമ ‘ന്നാ താന്‍ കേസ് കൊട്’. ചിത്രത്തിന്റെ പോസ്റ്ററിലെ വാചകം മൂലം വലിയ സൈബറാക്രമണമാണ് നടക്കുന്നത്. ‘തീയേറ്റുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ,’ എന്നാണ് പോസ്റ്ററിലെ ക്യാപ്ഷന്‍. സംസ്ഥാനത്തുടനീളം റോഡുകള്‍ തകര്‍ന്ന സംഭവത്തില്‍ കോടതി പോലും സംസ്ഥാന സര്‍ക്കാറിനെ വിമര്‍ശിച്ച സാഹചര്യത്തില്‍, പരസ്യവാചകം സര്‍ക്കാര്‍ വിരുദ്ധമാണെന്ന് ആരോപിച്ച് ചിലര്‍ രംഗത്തെത്തുകയായിരുന്നു. ഇതോടെയാണ് ഇടത് സൈബര്‍ ഇടങ്ങളില്‍ സിനിമ ബഹിഷ്കരിക്കണമെന്ന ആഹ്വാനമുയര്‍ന്നത്. ചിത്രത്തിന്റെ സംവിധായകന് തന്നെയാണ് പോസ്റ്ററില്‍ ഈ വാചകം ചേര്‍ത്തത്. പോസ്റ്റര്‍ ഡിസൈന്‍ ചെയ്തത് ആന്റണി സ്റ്റീഫനാണ്. കുഞ്ചാക്കോ ബോബന് തന്റെ ഫേസ്ബുക്ക് പേജില്‍ ഈ പോസ്റ്റര്‍ പങ്കുവെച്ചിരുന്നു. ഇതിനു താഴെയും സിനിമയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളും ട്രോളുകളുമാണ് വരുന്നത്.
സൈബറാക്രണം ശക്തമായതോടെ കുഞ്ചാക്കോ ബോബന് തന്നെ വിശദീകണവുമായി രംഗത്തെത്തിയിട്ടുണ്ട്. പരസ്യം സര്‍ക്കാരിനെതിരല്ല. എന്നാല്‍ ഒരു സാമൂഹികപ്രശ്നം ഉന്നയിക്കുന്നുണ്ട്. പരസ്യം കണ്ടപ്പോള്‍ ചിരിച്ചു, ആസ്വദിച്ചു. എന്നാല്‍ കേരളത്തിലെയല്ല, തമിഴ്നാട്ടിലെ കുഴിയാണ് സിനിമയിലെ പ്രതിപാദ്യവിഷയമെന്നും കുഞ്ചാക്കോ ബോബന് പറഞ്ഞു.
അതേസമയം, സിനിമയുടെ പരസ്യത്തെ ആ നിലയില്‍ മാത്രം കണ്ടാല്‍ മതിയെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പ്രതികരിച്ചിരുന്നു. റോഡിലെ കുഴി പണ്ടേയുള്ള പ്രശ്നമാണ്. അത് പരിഹരിക്കാന്‍ പൊതുമരാമത്ത് വകുപ്പ് സജീവമായി ഇടപെടുന്നുണ്ടെന്ന് എല്ലാവര്ക്കും അറിയാം. അതില്‍ പല ക്രിയാത്മക നിര്‍ദേശങ്ങളും വിമര്‍ശനങ്ങളുമെല്ലാം വരും. വിമര്‍ശനങ്ങളും നിര്‍ദേശങ്ങളും ഏത് നിലയിലും സ്വീകരിക്കുമെന്നും മന്ത്രി റിയാസ് പറഞ്ഞു.
റോഡിലെ കുഴികളെ ട്രോളി സിനിമയുടെ പോസ്റ്റര്‍ ഇറക്കിയത് ആവിഷ്കാര സ്വതന്ത്ര്യമായി കാണണമെന്ന് വി ഡി സതീശന് പറഞ്ഞിരുന്നു. ആവിഷ്കാര സ്വാതന്ത്ര്യത്തിനുവേണ്ടി പോരടിക്കുന്നവര്‍ ഈ പോസ്റ്ററിനെ എതിര്‍ക്കുന്നതെന്തിനെന്നും സതീശന് ചോദിച്ചു.ഇത്തരത്തിലുള്ള എതിര്‍പ്പുകളുണ്ടായാല്‍ സിനിമ കൂടുതല്‍ ആളുകള്‍ കാണുമെന്നും പ്രതിപക്ഷനേതാവ് തിരുവനന്തപുരത്ത് പറഞ്ഞു.