സൂപ്പി വാണിമേല്‍
കാസര്‍കോട്: രാജ്യം പത്മശ്രീ പുരസ്‌കാരം നല്‍കി ആദരിച്ച കര്‍ണാടകയിലെ ഹരേക്കര ഹാജബ്ബ സംസ്ഥാന സര്‍ക്കാര്‍ ചടങ്ങില്‍ മുഖ്യാതിഥിയായി. പതിനാലാം പഞ്ചവത്സര പദ്ധതി മാര്‍ഗ്ഗരേഖ കന്നട പതിപ്പ് മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശമീന ടീച്ചര്‍ക്ക് നല്‍കി അദ്ദേഹം പ്രകാശനം ചെയ്തു. ഹാജബ്ബയുടെ സ്വപ്നങ്ങള്‍ സഫലമായതും അംഗീകാരം നേടിയതും മലയാള മണ്ണിന്റെ പുണ്യസ്പര്‍ശത്തിലായിരുന്നു.
കാസര്‍കോട് അഡൂര്‍ സ്വദേശിയായ എ.ബി.ഇബ്രാഹിം ദക്ഷിണ കന്നട ജില്ലാ ഡെപ്യൂട്ടി കമ്മീഷണറാ(ജില്ലാ കളക്ടര്‍)യിരിക്കെയാണ് ഹാജബ്ബയുടെ പേര് 2014ല്‍ പത്മശ്രീ പുരസ്‌കാരത്തിന് ശുപാര്‍ശ ചെയ്തയച്ചത്.മംഗളൂരു മാര്‍ക്കറ്റില്‍ കുട്ടയില്‍ ഓറഞ്ച് ചുമന്ന് വില്പന നടത്തി ജീവിക്കുന്നയാള്‍ തുച്ഛവരുമാനത്തില്‍ നിന്ന് പണം സ്വരൂപിച്ച് തന്റെ ഗ്രാമത്തില്‍ വിദ്യാലയം തുടങ്ങിയ അപൂര്‍വ സാമൂഹിക സേവന കഥ പറയുന്ന
‘അപരൂപഡ സമാജ സേവക ഹരേക്കള ഹാജബ്ബ’എന്ന പുസ്തകം ഇസ്മത്ത് പജീര്‍ എഴുതിയിരുന്നു.ടാലന്റ് റിസര്‍ച്ച് ഫൗണ്ടേഷന്‍ പ്രസിദ്ധീകരിച്ച ഈ കൃതിയുടെ പ്രകാശനം മംഗളൂരു
ടാലന്റ് ഓഡിറ്റോറിയത്തില്‍ അബ്ദുല്‍ റൗഫ് പുത്തിഗെയുടെ അദ്ധ്യക്ഷതയില്‍ നടന്ന ലളിത ചടങ്ങില്‍ എ.ബി.ഇബ്രാഹിം ആയിരുന്നു നിര്‍വ്വഹിച്ചത്.
ഭാഷ വശമില്ലാത്തതിനാല്‍ വിദേശ ദമ്പതികള്‍ തന്നോട് എന്താണ് പറഞ്ഞതെന്ന് മനസ്സിലാവാതെപോയ വിഷമത്തില്‍ നിന്നായിരുന്നു ഹാജബ്ബയില്‍ തന്റെ ഗ്രാമത്തില്‍ വിദ്യാലയം എന്ന ആശയം മുളച്ചത്.1990ല്‍ തുടങ്ങിയ ദൗത്യം വിവിധ ഘട്ടങ്ങള്‍ പിന്നിട്ട് സര്‍ക്കാര്‍ അംഗീകൃത ഹയര്‍സെക്കന്ററി സ്‌കൂളായി വളര്‍ന്നപ്പോഴാണ് ഹാജബ്ബയെത്തേടി പത്മശ്രീ ബഹുമതി എത്തിയത്.
2000ല്‍ 28 കുട്ടികള്‍ക്കുള്ള ക്ലാസ് മുറി നിര്‍മ്മാണമായിരുന്നു സര്‍ക്കാര്‍തലത്തില്‍ ഹാജബ്ബക്ക് ലഭിച്ച ആദ്യ സഹായം.പിന്‍ഗാമിയായ ഖാദര്‍ മന്ത്രിയായപ്പോഴും എം.എല്‍.എയായി തുടരുമ്പോഴും ആ പിന്തുണ നല്‍കിവരുന്നു.
കാസര്‍കോടിന്റെ ഭാഷാവൈവിധ്യം കാത്തു സൂക്ഷിക്കുന്നതിന്റെ ഭാഗമായാണ് പതിനാലാം പഞ്ചവത്സര പദ്ധതിയില്‍ കൈപ്പുസ്തകം കന്നട ഭാഷയിലേക്ക് പരിഭാഷപ്പെടുത്തി എല്ലാ ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ലഭ്യമാക്കിയത്.