കാസര്‍കോട് : വയറുവേദന അനുഭവപ്പെട്ട മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് അംഗം ഡോക്ടര്‍ക്കൊപ്പം കാസര്‍കോട് നഗരസഭ ചെയര്‍മാനേയും സമീപിച്ചതിന്റെ ഫലം കണ്ടു.
ശുചിത്വമില്ലാതെ പ്രവര്‍ത്തിച്ച കാസര്‍കോട് മാര്‍ക്കറ്റിലെ എ.ആര്‍.കെ. ജ്യൂസ് ആന്‍ഡ് സ്‌നാക്‌സ് എന്ന ഹോട്ടല്‍ നഗരസഭാ ആരോഗ്യവിഭാഗം പൂട്ടിച്ചു.
വൃത്തിയില്ലാത്ത സാഹചര്യത്തില്‍ പ്രവര്‍ത്തിച്ചതിനാണ് നടപടിയെടുത്തതെന്ന് ആരോഗ്യവിഭാഗം അറിയിച്ചു.
ഫ്രീസറില്‍ നിന്ന് പഴകിയ ഇറച്ചി പിടിച്ചെടുത്തു. ജ്യൂസിനായി ഉപയോഗിക്കുന്ന കരിമ്പ് ശുചിയാക്കാതെ ഉപയോഗിക്കുന്നതായി പരിശോധനയില്‍ കണ്ടെത്തി. ജ്യൂസ് വിതരണത്തിനുള്ള ലൈസന്‍സിന്റെ മറവില്‍ ചിക്കന്‍ ഉത്പന്നങ്ങളും കടയില്‍ വില്പനനടത്തിയിരുന്നു. നിരോധിത പാന്‍മസാലയും ഹോട്ടലില്‍നിന്ന് കണ്ടെത്തി. ലൈസന്‍സി കാസര്‍കോട് സ്വദേശി മുസ്തഫയ്‌ക്കെതിരേയാണ് കേസ്. കടയില്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍ വില്പനനടത്തിയതിന് കെ.എ.അലിക്കെതിരേ എക്‌സൈസും കേസെടുത്തു.
ഹോട്ടലില്‍നിന്ന് വടാപാവും കരിമ്പ് ജ്യൂസും കഴിച്ച മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തംഗത്തിന് കഴിഞ്ഞദിവസം വയറുവേദന അനുഭവപ്പെട്ടിരുന്നു. ഇദ്ദേഹം നഗരസഭാ ചെയര്‍മാന്‍ അഡ്വ.വി.എം. മുനീറിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ശുചിത്വം ഉറപ്പുവരുത്തുന്നതിന് വരുംദിവസങ്ങളിലും പരിശോധനകളുണ്ടാകുമെന്ന് കാസര്‍കോട് നഗരസഭാ സെക്രട്ടറി എസ്.ബിജു അറിയിച്ചു. ഈസ്റ്റ്-എളേരി പഞ്ചായത്തില്‍ ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയില്‍ ഭക്ഷ്യയോഗ്യമല്ലാത്തതും പഴകിയതും കാലാവധി കഴിഞ്ഞതുമായ ഭക്ഷണപദാര്‍ഥങ്ങള്‍ പിടിച്ചെടുത്ത് നശിപ്പിച്ചു.
ചിറ്റാരിക്കാല്‍, നല്ലോംപുഴ, കടുമേനി, മണ്ഡപം എന്നീ പ്രദേശങ്ങളിലെ ബേക്കറികള്‍, കൂള്‍ബാറുകള്‍, ചിക്കന്‍ സ്റ്റാളുകള്‍, കോള്‍ഡ് സ്റ്റോറേജുകള്‍, ഹോട്ടലുകള്‍ എന്നിവടങ്ങളിലാണ് പരിശോധന നടത്തിയത്.
പഞ്ചായത്തില്‍ ലൈസന്‍സ് ഇല്ലാതെ കച്ചവടം നടത്തുന്നവര്‍ എത്രയും പെട്ടെന്ന് തന്നെ ലൈസന്‍സ് എടുക്കേണ്ടതും കാലാവധി കഴിഞ്ഞവര്‍ പുതുക്കേണ്ടതുമാണെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.ടി.ശ്രീനിവാസന്‍ അറിയിച്ചു. പഞ്ചായത്ത് ജീവനക്കാരന്‍ ഷിജൊ ജോസഫ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ സാജു സെബാസ്റ്റ്യന്‍, ജോഷില്‍, രമ്യ, എയ്ഞ്ചല്‍ എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി.