കോഴിക്കോട്: കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പാക്കുന്ന ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായി അഴിയൂര്‍ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ സംഘാടക സമിതി രൂപീകരിച്ചു. വാര്‍ഡ് മെമ്പര്‍ മൈമൂന പരിപാടി ഉദ്ഘാടനം ചെയ്തു.
യോഗത്തില്‍ വാര്‍ഡ് മെമ്പര്‍ ചെയര്‍മാനായി വാര്‍ഡ് തല കമ്മിറ്റിക്ക് രൂപം നല്കി. 15 വയസ്സിനും 65 വയസ്സിനും ഇടയിലുള്ള അക്ഷരാഭ്യാസം അറിയാത്തവരെ കണ്ടെത്തി രജിസ്റ്റര്‍ ചെയ്യാനും വാര്‍ഡിനെ സമ്പൂര്‍ണ്ണ സാക്ഷരതാ വാര്ഡാക്കാനുമുള്ള പ്രവര്‍ത്തനങ്ങളുടെ രൂപരേഖയും യോഗത്തില്‍ തയ്യാറാക്കി.
സമൂഹത്തിന്റെ വിവിധ മേഖലയില്‍ പലവിധ കാരണങ്ങളാല്‍ ഔപചാരിക വിദ്യാഭ്യാസത്തിന് പുറത്ത് നില്‍ക്കേണ്ടി വന്ന മുഴുവന്‍ പേര്‍ക്കും വിദ്യാഭ്യാസത്തിന് അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതിയാണ് ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം.
യോഗത്തില്‍ പഞ്ചായത്ത് സാക്ഷരതാ പ്രേരക് രമണി പദ്ധതിയെപ്പറ്റിയും രജിസ്ട്രേഷനെക്കുറിച്ചും വിശദീകരിച്ചു. ആശാവര്‍ക്കര്‍മാര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, എ ഡി എസ് അംഗങ്ങള്‍ തുടങ്ങിവര്‍ പരിപാടിയില്‍ പങ്കെടുത്തു.