കോഴിക്കോട്: കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പാക്കുന്ന ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ ജില്ലാതല സംഘാടക സമിതി രൂപീകരണ യോഗവും ലോക സാക്ഷരത ദിനാചരണവും ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി യോഗം ഉദ്ഘാടനം ചെയ്തു.
പരിപൂര്‍ണ്ണ സാക്ഷരത കൈവരിക്കുന്നതിനായി നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായി ആദിവാസി വിഭാഗങ്ങള്‍, ട്രാന്‍സ്ജന്‍ഡര്‍-ക്വീയര്‍ വിഭാഗങ്ങള്‍,തീരദേശമേഖലയിലുള്ളവര്‍, ന്യൂനപക്ഷങ്ങള്‍, കശുവണ്ടി ഫാക്ടറി തൊഴിലാളികള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലയില്‍ പലവിധ കാരണങ്ങളാല്‍ ഔപചാരിക വിദ്യാഭ്യാസത്തിന് പുറത്ത് നില്‍ക്കേണ്ടി വന്ന മുഴുവന്‍ പേര്‍ക്കും വിദ്യാഭ്യാസത്തിന് അവസരമൊരുക്കുന്നു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സംഘാടക സമിതികള്‍ രൂപികരിച്ചുകൊണ്ട് പദ്ധതി നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാരുടെ പേരില്‍ കാനറ ബാങ്ക് ശാഖകളില്‍ പി.എഫ്,എം.എസ് അക്കൗണ്ട് തുടങ്ങും.
സ്ഥിരം സമിതി ചെയര്‍മാന്‍മാരായ പി സുരേന്ദ്രന്‍, കെ.വി റീന, ജില്ലാ പഞ്ചായത്ത് അംഗം പി ഗവാസ്, ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി സുനില്‍ കുമാര്‍, മുക്കം നഗരസഭ ചെയര്‍മാന്‍ പി.ടി ബാബു, മേപ്പയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടി അഹമ്മദ് കബീര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംസാരിച്ചു.