കോഴിക്കോട്: കുറ്റ്യാടി മണ്ഡലത്തിലെ തരിശുനിലങ്ങളില്‍ നെല്‍കൃഷി വ്യാപിപ്പിക്കാന്‍ കര്‍മ്മ പദ്ധതി തയ്യാറാക്കുന്നു. ഇതിന്റെ ഭാഗമായി കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ എം എല്‍ എ യുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. മണ്ഡലത്തിലെ കുറ്റ്യാടി, വേളം, ആയഞ്ചേരി, തിരുവള്ളൂര്‍, പുറമേരി, മണിയൂര്‍ തുടങ്ങിയ പഞ്ചായത്തുകളിലെ നെല്‍കൃഷി വികസനം ലക്ഷ്യം വെച്ചാണ് പദ്ധതി തയ്യാറാക്കുന്നത്.
പദ്ധതിയുടെ ഭാഗമായി കൃഷി വകുപ്പ്, മൈനര്‍ ഇറിഗേഷന്‍, കുറ്റ്യാടി ഇറിഗേഷന്‍, സോയില്‍ കണ്‍സര്‍വേഷന്‍ എന്നീ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരുടെ സംയുക്ത സംഘം ഒക്ടോബര്‍ 20, 21 തീയതികളില്‍ മണ്ഡലത്തിലെ പാടശേഖരങ്ങള്‍ സന്ദര്‍ശിക്കും. തുടര്‍ന്ന് രണ്ടാഴ്ചയ്ക്കകം വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കി അംഗീകാരത്തിനായി സര്‍ക്കാരിന് സമര്‍പ്പിക്കും.
നെല്‍കൃഷിയുമായി ബന്ധപ്പെട്ട് നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ കര്‍ഷകര്‍ യോഗത്തെ അറിയിച്ചു. മണിയൂര്‍ വേങ്ങാടിക്കലില്‍ മോട്ടോര്‍ തകരാര്‍ വേഗത്തില്‍ പരിഹരിക്കാന്‍ പിഡബ്ല്യുഡി മെക്കാനിക്കല്‍ വിഭാഗം ഉദ്യോഗസ്ഥര്‍ക്ക് എം എല്‍ എ നിര്‍ദ്ദേശം നല്‍കി.
തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ നടന്ന യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍, ഇറിഗേഷന്‍, സോയില്‍ കണ്‍സര്‍വേഷന്‍ വിഭാഗം ഉദ്യോഗസ്ഥര്‍, അഗ്രികള്‍ച്ചറല്‍ എന്‍ജിനീയറിങ് വിഭാഗം ഉദ്യോഗസ്ഥര്‍, കെ.എല്‍.ഡി.സി, പിഡബ്ല്യുഡി മെക്കാനിക്കല്‍ വിഭാഗം ഉദ്യോഗസ്ഥര്‍, പാട ശേഖരസമിതി പ്രതിനിധികള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.