കൊച്ചി: പോപുലര്‍ ഫ്രണ്ട് ഇന്ന് സംസ്ഥാനത്ത് നടത്തിയ ഹര്‍ത്താലില്‍ ഹൈക്കോടതി ഇടപെടല്‍.ഹര്‍ത്താലിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ഹര്‍ത്താല്‍ പ്രഖ്യാപിച്ചവര്‍ക്കെതിരെ കോടതിയലക്ഷ്യത്തിനും നടപടി സ്വീകരിക്കുമെന്ന് ഹൈകോടതി വ്യക്തമാക്കി. മുന്‍കൂട്ടി അറിയിക്കാതെയുള്ള ഹര്‍ത്താല്‍ നിയമവിരുദ്ധമെന്നും കോടതി പറഞ്ഞു. ഹര്‍ത്താലിനിടെ ആക്രമണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മിന്നല്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത നേതാക്കളുടെ നടപടി പ്രഥമദൃഷ്ട്യാ കോടതി അലക്ഷ്യമാണെന്ന് ജസ്റ്റിസുമാരായ എ.കെ ജയശങ്കരന്‍ നമ്പ്യാരും മുഹമ്മദ് നിയാസും അടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്കെതിരെ സ്വമേധയാ കോടതിയലക്ഷ്യ നടപടികള്‍ തുടങ്ങുകയാണെന്ന് ബെഞ്ച് അറിയിച്ചു. ഏഴു ദിവസം മുമ്പ് നോട്ടീസ് നല്‍കാതെയുള്ള ഹര്‍ത്താലുകളും സമാനമായ സമരങ്ങളും നിയമ വിരുദ്ധമാണെന്ന് ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ഹര്‍ത്താലില്‍ സ്വകാര്യ, പൊതു സ്വത്ത് നശിപ്പിക്കുന്നതു തടയാന്‍ പൊലീസ് നടപടിയെടുക്കണമെന്ന് കോടതി നിര്‍ദേശിച്ചു. പൊതു ഗതാഗത സംവിധാനങ്ങള്‍ക്കു പൊലീസ് മതിയായ സുരക്ഷ ഒരുക്കണം. മിന്നല്‍ ഹര്‍ത്താലുകള്‍ നിയമ വിരുദ്ധമാണെന്ന കാര്യം ജനങ്ങളെ അറിയിക്കാന്‍ മാധ്യമങ്ങള്‍ ശ്രദ്ധിക്കണമെന്നും കോടതി നിര്‍ദേശിച്ചു.