നിലമ്പൂര്‍: മൈസൂരുവിലെ നാട്ടുവൈദ്യന്‍ ഷാബാ ഷെരീഫിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ഷൈബിന്‍ അഷ്റഫിന്റെ കൂട്ടാളികളായി പ്രവര്‍ത്തിച്ച അഞ്ചുപേരുടെ ചിത്രങ്ങള്‍ അന്വേഷണസംഘം പുറത്തുവിട്ടു.
അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടും വിവരംലഭിക്കാത്ത സാഹചര്യത്തിലാണിത്. കൈപ്പഞ്ചേരി ഫാസില്‍ (31), കുന്നോക്കാടന്‍ ഷമീം എന്ന പൊരി ഷെമീം (32), പൂളക്കുളങ്ങര ഷബീബ് റഹ്‌മാന്‍ (30), കൂത്രാടന്‍ മുഹമ്മദ് അജ്മല്‍ (30), ചീര ഷഫീഖ് (28) എന്നിവരുടെ ചിത്രങ്ങളാണ് പോലീസ് പുറത്തുവിട്ടത്. ഷൈബിന്റെ കൂട്ടാളികളായി നാട്ടിലും വിദേശത്തും ഇവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. നിലമ്പൂര്‍ സ്റ്റേഷന്‍പരിധിയില്‍ നേരത്തെയും നിരവധി കേസുകളില്‍ ഉള്‍പ്പെട്ടവരാണിവര്‍.
ഷാബാ ഷെരീഫിനെ മൈസൂരുവില്‍നിന്ന് തട്ടിക്കൊണ്ടുവരാന്‍ സഹായിച്ചവരാണിവര്‍. വിവരം കിട്ടുന്നവര്‍ക്ക് നിലമ്പൂര്‍ ഡിവൈ.എസ്.പി: 949740890, ഇന്‍സ്പെക്ടര്‍: 9497987173, സബ് ഇന്‍സ്പെക്ടര്‍: 9497980671 എന്നിവരെ ബന്ധപ്പെടാം.
പിടിയിലായ ഷൈബിന്‍, കൈപ്പഞ്ചേരി പൊന്നക്കാരന്‍ ഷിഹാബുദ്ദീന്‍ ((36), മുക്കട്ടയിലെ നടുതൊടിക നിഷാദ് (41) എന്നിവരെ കസ്റ്റഡിയില്‍വാങ്ങാന്‍ പോലീസ് കോടതിയെ സമീപിച്ചു. ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള ഇവരെ ചൊവ്വാഴ്ച ഹാജരാക്കണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. പോലീസിന്റെ അപേക്ഷപ്രകാരമാണിത്. കോടതി അഞ്ചുദിവസം പോലീസ് കസ്റ്റഡിയില്‍വിട്ട നൗഷാദിനെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കി. ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടാന്‍ കോടതി ഉത്തരവിട്ടു. ഷാബാ ഷെരീഫിന്റെ മൃതദേഹം വെട്ടിനുറുക്കാന്‍ ഉപയോഗിച്ച കത്തി വാങ്ങിയ നിലമ്പൂര്‍ ജില്ലാ ആശുപത്രി റോഡിലെ കടയില്‍ ഇന്‍സ്പെക്ടര്‍ പി. വിഷ്ണുവിന്റെ നേതൃത്വത്തില്‍ ഇയാളെ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തിയിരുന്നു.അഞ്ചുദിവസം ഇയാളെ ചോദ്യംചെയ്യുകയും തെളിവെടുപ്പ് നടത്തുകയും ചെയ്തപ്പോള്‍ നിര്‍ണായകവിവരങ്ങള്‍ ലഭിച്ചതായി അന്വേഷണസംഘം അറിയിച്ചു.