പ്രത്യേക ലേഖകന്‍
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് അതിജീവിത നല്‍കിയ ഹരജി പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റിസ് ഡോ. കൗസര്‍ എടപ്പഗത്ത് ഒഴിവായി. ഹരജി മറ്റാരു ബെഞ്ച് പരിഗണിക്കും. ബെഞ്ച് മാറ്റണമെന്നാവശ്യപ്പെട്ട് അതിജീവിത അപേക്ഷ നല്‍കിയെങ്കിലും ഹൈക്കോടതി രജിസ്ട്രി കേസ് അതേ കോടതിയില്‍ തന്നെ ലിസ്റ്റ് ചെയ്യുകയായിരുന്നു. പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയായിരിക്കെ നടിയെ ആക്രമിച്ച കേസ് കൗസര്‍ എടപ്പകത്ത് പരിഗണിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് അതിജീവിത ബെഞ്ച് മാറ്റമെന്ന ആവശ്യം ഉന്നയിച്ചത്.
കേസ് അട്ടിമറിച്ചുവെന്നാരോപിച്ച് സര്‍ക്കാരിനും വിചാരണക്കോടതിക്കും എതിരെയാണ് ഹരജി നല്‍കിയിട്ടുള്ളത്. നല്ല നിലയില്‍ മുന്നോട്ട് നീങ്ങിയ കേസ് അവസാനിപ്പിക്കാനാണ് സര്‍ക്കാര്‍ നീക്കമെന്നും ഇതിന് പിന്നില്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടെന്നുമാണ് സര്‍ക്കാരിനെതിരായ ആരോപണം. അന്വേഷണം തടസ്സപ്പെടുത്തി പ്രതികളെ സഹായിക്കുന്ന സമീപനമാണ് വിചാരണക്കോടതി സ്വീകരിക്കുന്നതെന്നും ഹര്‍ജിയില്‍ കുറ്റപ്പെടുത്തുന്നുണ്ട്.
തനിക്ക് നീതി ലഭിക്കാന്‍ കോടതി ഇടപെടണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം. കേസ് അവസാനിപ്പിക്കാന്‍ നീക്കം നടക്കുകയാണ്. ദിലീപിന്റെ ഭാര്യ കാവ്യ മാധവനെ പ്രതിപ്പട്ടികയില്‍ ചേര്‍ക്കാന്‍ ശ്രമം നടക്കുന്നതിനിടെ അപ്രതീക്ഷിതമായി അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയെന്നും ഇത് കേസിനെ ബാധിച്ചെന്നും പ്രതികള്‍ക്ക് ഗുണകരമായന്നും ഹരജിയില്‍ പറയുന്നു. കേസില്‍ വിഐപി എന്നറിയപ്പെടുന്ന ശരത്തിനെ പ്രതിയാക്കിയ പൊലീസ് കാവ്യ മാധവനെ സാക്ഷിയായി നിലനിര്‍ത്തിയിരിക്കുകയാണ്.
ഈ മാസം മുപ്പതിന് മുന്‍പ് കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെയാണ് അതിജീവിത കോടതിയിലെത്തിയത്. ദിലീപ് തെളിവ് നശിപ്പിച്ചെന്നും സാക്ഷികളെ സ്വാധീനിച്ചെന്നും ഹര്‍ജിയില്‍ ആരോപണമുണ്ട്. കേസ് അട്ടിമറിക്കാന്‍ ഉന്നത ഇടപെടലുണ്ടായി. ദിലീപിന് ഭരണമുന്നണിയുമായി ഗൂഢബന്ധമുണ്ട്. പ്രതിഭാഗം അഭിഭാഷകരും തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചു. തുടരന്വേഷണം അഭിഭാഷകരിലേക്ക് എത്തിയില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. ഡോ. കൗസര്‍ എടപ്പകത്തിന്റെ ബെഞ്ച് കേസെടുക്കാത്ത സാഹചര്യത്തില്‍ ഹൈക്കോടതി രജിസ്ട്രി കേസ് നാളെ മറ്റൊരു ബെഞ്ചിലേക്ക് മാറ്റിയേക്കും.