കോഴിക്കോട്: കോഴിക്കോട്ടെ ഷോപ്പിങ് മാളില്‍ സിനിമാ പ്രൊമോഷന് പരിപാടിക്കിടെ യുവ നടിമാര്‍ക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായ സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. നിര്‍മ്മാതാക്കള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സംഭവം നടന്ന മാളില്‍ പൊലീസ് സംഘമെത്തി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. ഇതിനിടെ അക്രമത്തിനിരയായ യുവ നടിമാരുടെ മൊഴി രേഖപ്പെടുത്താനും പൊലീസ് നീക്കം തുടങ്ങി. ഇതിനായി വനിതാ പൊലീസ് ഉള്‍പ്പെട്ട സംഘം കണ്ണൂരിലേയ്ക്കും എറണാകുളത്തേക്കും പോയിട്ടുണ്ട്. ഇവരുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷമാകും കേസ് രജിസ്റ്റര്‍ ചെയ്യുക. ഫറോക്ക് എസിപിയാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്.
കഴിഞ്ഞദിവസം രാത്രി കോഴിക്കോട് ഹൈലൈറ്റ് മാളില്‍നടന്ന ചടങ്ങിന് പിന്നാലെയാണ് യുവനടിമാര്‍ക്ക് നേരേ ലൈംഗികാതിക്രമമുണ്ടായത്. സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട പരിപാടിക്കാണ് യുവനടിമാരും നടന്മാരും അടങ്ങുന്ന സംഘം മാളിലെത്തിയത്. വന്‍ ജനക്കൂട്ടമാണ് പരിപാടി കാണാനായി മാളില്‍ തടിച്ചുകൂടിയിരുന്നത്. തുടര്‍ന്ന് ചടങ്ങ് കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് യുവനടിമാര്‍ക്ക് നേരേ ലൈംഗികാതിക്രമമുണ്ടായത്. അതിക്രമം കാട്ടിയ ഒരാളെ നടിമാരില്‍ ഒരാള്‍ തല്ലാനൊരുങ്ങുകയും ചെയ്തു.