കോഴിക്കോട് : മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റി ആഹ്വാനം ചെയ്ത ദോത്തി ചലഞ്ച് വന്‍ വിജയമാക്കിയ ഓരോരുത്തരെയും സംസ്ഥാന കമ്മറ്റിക്ക് വേണ്ടി നന്ദി രേഖപ്പെടുത്തുന്നതായി പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി പി.കെ ഫിറോസും അറിയിച്ചു. തീര്‍ത്തും ഓണ്‍ലൈന് വഴി കുറ്റമറ്റ രീതിയില്‍ ഫണ്ട് സമാഹരണം നടത്താന്‍ കഴിഞ്ഞതായി നേതാക്കള്‍ പറഞ്ഞു. നേരത്തെ ഒക്ടോബര്‍ 10ന് ആരംഭിച്ച ദോത്തി ചലഞ്ച് 31ന് സമാപിച്ചു. 31ന് രാത്രി 8മണി വരെ മത്സരബുദ്ധിയോടെ തന്നെ എല്ലാവരും ചലഞ്ച് ഏറ്റെടുത്തതായി നേതാക്കള്‍ തുടര്‍ന്നു. അനുവദിച്ച ക്വാട്ടയില്‍ കൂടുതല്‍ അംഗങ്ങളെ പങ്കാളികളാക്കിയ മുഴുവന്‍ ഘടകങ്ങളെയും നേതാക്കള്‍ പ്രത്യേകം അഭിനന്ദിച്ചു. സംസ്ഥാന വ്യാപകമായി 2,72,457 പേര്‍ ദോത്തി ചലഞ്ചില്‍ പങ്ക് ചേര്‍ന്നു.
1,29,895 അംഗങ്ങളെ പങ്കാളികളാക്കി മലപ്പുറം ജില്ല ദോത്തി ചലഞ്ചില്‍ ഒന്നാമതായി. 64,042 ചേര്‍ത്ത് കോഴിക്കോട് ജില്ല രണ്ടാം സ്ഥാനത്തും 28,275 പേരെ ചേര്‍ത്ത് കണ്ണൂര്‍ ജില്ല മൂന്നാമതെത്തി. ടോപ്പ് സ്‌കോറര്‍മാരുടെ പ്രഖ്യാപനം മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു.
13,194 അംഗങ്ങളെ ചേര്‍ത്ത് മലപ്പുറം നിയോജക മണ്ഡലം മണ്ഡലംതലത്തില്‍ ഒന്നാമതെത്തി. 12,041 പേരെ ചേര്‍ത്ത് കോട്ടക്കല്‍ മണ്ഡലം രണ്ടാം സ്ഥാനത്തും 11,362 പേരെ ചേര്‍ത്ത് വേങ്ങര നിയോജക മണ്ഡലം മൂന്നാം സ്ഥാനത്തും എത്തി.