കോഴിക്കോട്: മഹാത്മാഗാന്ധി ദേശീയ സംരംഭകത്വ മാസാചരണത്തിന്റെ ഭാഗമായി നടത്തുന്ന വിവിധ മത്സരങ്ങളുടെ പോസ്റ്ററുകള്‍ പ്രകാശനം ചെയ്തു. ജില്ലാ കലക്ടര്‍ ഡോ. എന്‍ തേജ് ലോഹിത് റെഡ്ഢി ഉദ്ഘാടനം നിര്‍വഹിച്ചു. സംരംഭകത്വ വികസനത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ രൂപീകരിച്ചിട്ടുള്ള കൂട്ടായ്മകള്‍ വഴി വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ സാധിക്കും. ഇതിനായി ക്യാമ്പസുകളില്‍ വിദ്യാര്‍ത്ഥി സ്വയം സഹായ സംഘങ്ങള്‍ രൂപീകരിക്കേണ്ടതുണ്ടെന്ന് കലക്ടര്‍ പറഞ്ഞു.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴിലെ ഗ്രാമീണ വിദ്യാഭ്യാസത്തിനായുള്ള ദേശീയ സമിതി (എം.ജി.എന്‍.സി.ആര്‍.ഇ)
നടത്തുന്ന ദേശീയ സംരംഭകത്വ മാസാചരണം ഒക്ടോബര്‍ 19 മുതല്‍ നവംബര്‍ 20 വരെ ആചരിക്കും. ഇതിന്റെ ഭാഗമായി ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എം.ജി.എന്‍.സി.ആര്‍.ഇക്ക് കീഴിലുള്ള വിവിധ കൂട്ടായ്മകള്‍ക്കാണ് സംരംഭകത്വ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. എസ്.ഇ.എസ് ആര്‍.ഇ.സി, ആര്‍.ഇ.ഡി.സി, വി.ഇ.എന്‍.ടി.ഇ.എല്‍ കൂട്ടായ്മകളിലെ അംഗങ്ങള്‍ക്കും മത്സരങ്ങളില്‍ പങ്കെടുക്കാം.
മത്സരത്തില്‍ പങ്കെടുക്കുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ കാമ്പസിലെ എം.ജി.എന്‍.സി.ആര്‍.ഇ കൂട്ടായ്മകളുമായി ബന്ധപ്പെടാവുന്നതാണ്.