സൂപ്പി വാണിമേല്‍
മംഗളൂരു: പ്രമുഖ ദലിത് നേതാവായിരുന്ന ബെല്‍ത്തങ്ങാടി പി.ദീക്കയ്യയുടെ മൃതദേഹം തിങ്കളാഴ്ച പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടത്തിനയച്ചു.ഇക്കഴിഞ്ഞ ജൂലൈ എട്ടിനാണ് അദ്ദേഹം മണിപ്പാല്‍ കസ്തൂര്‍ബാ ആശുപത്രിയില്‍ അന്തരിച്ചത്.മരണത്തില്‍ സംശയം പ്രകടിപ്പിച്ച് ബന്ധുക്കള്‍ ബെല്‍ത്തങ്ങാടി പൊലീസില്‍ പരാതി നല്‍കിയിരുന്നു.
മസ്തിഷ്ക രക്തസ്രാവമാണ് മരണകാരണം എന്നാണ് കെ.എം.സി ആശുപത്രി ഡോക്ടര്‍മാര്‍ പറഞ്ഞത്.എന്നാല്‍ ദീക്കയ്യയെ അപകടപ്പെടുത്തിയ സാഹചര്യങ്ങള്‍ അന്വേഷിക്കണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു.അപകട നിലയില്‍ കണ്ടതിന്റെ തലേന്ന് ദീക്കയ്യ ഗര്‍ദാദിയിലെ വീട്ടില്‍ തനിച്ചായിരുന്നു. പത്മുഞ്ജയിലെ ബന്ധുവീട്ടില്‍ പോയ ഭാര്യയും ബന്ധുക്കളും പിറ്റേന്ന് എത്തിയപ്പോള്‍ ദീക്കയ്യ അടുക്കളയില്‍ നിലത്ത് വീണു കിടക്കുകയായിരുന്നു.ഉടനെ കെ.എം.സി.ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
തഹസില്‍ദാര്‍ പ്രിഥ്വി, ബെല്‍ത്തങ്ങാടി എസ്.ഐ.നന്ദകുമാര്‍,എ.എസ്.ഐ ദേവപ്പ, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് മൃതദേഹം പുറത്തെടുത്തത്.