മംഗളൂറു: കാസർകോട് ബദിയടുക്കയിലെ ദന്തഡോക്ടര്‍ കൃഷ്ണമൂര്‍ത്തി കുന്താപുരം റെയില്‍പാളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിന്റെ അന്വേഷണത്തിന് കര്‍ണാടക പൊലീസ് പ്രത്യേക സംഘം രൂപവത്കരിച്ചു.ഈ സംഘം ചൊവ്വാഴ്ച കുന്താപുരത്തും ബദിയടുക്കയിലും അന്വേഷണമാരംഭിച്ചു. കൃഷ്ണമൂര്‍ത്തിയുടെ മൃതദേഹം ഛിന്നഭിന്നമായ നിലയില്‍ കിടന്ന റെയില്‍പാളവും പരിസരവും ഉടുപ്പി ജില്ലാ പൊലീസ് സൂപ്രണ്ട് അക്ഷയ് മജീന്ദ്ര സന്ദർശിച്ച് പരിശോധന നടത്തി.എസ്.പി നിയോഗിച്ച കുന്താപുരം ഇന്‍സ്പെക്ടര്‍ ഗോപീകൃഷ്ണയുടെ നേതൃത്വത്തിലുള്ള പ്രത്യേക പൊലീസ് സംഘവും ഒപ്പമുണ്ടായിരുന്നു. കുന്താപുരം താലൂക്കിലെ ഹട്ടിയങ്ങാടി വില്ലേജില്‍ കാടുഅജ്ജിമാനി റെയില്‍വേ ട്രാക്കിലാണ് ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയിരുന്നത്.
കേസുമായി ബന്ധപ്പെട്ട് എല്ലാ കോണുകളിലും അന്വേഷണം നടത്തുമെന്ന് ഉഡുപ്പി ജില്ല പൊലീസ് സൂപ്രണ്ട് കുന്താപുരം ഡിവൈ.എസ്.പി ഓഫീസില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കേരള പൊലീസിന്റെ സഹകരണത്തോടെയാണ് കുന്താപുരം പൊലീസ് അന്വേഷണം നടത്തുന്നതെന്ന് അറിയിച്ചു.
പിതാവിന്റെ മരണത്തിന് ഇടയാക്കിയ സാഹചര്യങ്ങൾ അന്വേഷിച്ച് കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് മകൾ ഡോ.വർഷ കർണാടക ആഭ്യന്തര മന്ത്രി അറഗ ജ്ഞാനേന്ദ്രകുമാറിന് മംഗളൂരുവിൽ നിവേദനം നൽകിയിരുന്നു.ആഭ്യന്തര മന്ത്രിയുടെ നിർദ്ദേശമനുസരിച്ചാണ് ഉടുപ്പി ജില്ലാ പൊലീസ് സൂപ്രണ്ട് പ്രത്യേക സംഘത്തെ നിയോഗിച്ചത്.
കൃഷ്ണമൂര്‍ത്തിയുടെ മരണവുമായി ബന്ധപ്പെട്ട് മുസ്‌ലിം ലീഗ് നേതാവ് ഉൾപ്പെടെ അഞ്ച് പേര്‍ക്കെതിരെ ബദിയടുക്ക പൊലീസ് ആത്മഹത്യാപ്രേണാകുറ്റം ചുമത്തി കേസെടുത്തിരുന്നു. അറസ്റ്റിലായ ഇവര്‍ ഇപ്പോള്‍ ജയിലിലാണ്.ഡോക്ടറുടെ ക്ലിനിക്കിൽ പരിശോധനക്ക് വന്ന യുവതിയോട് മോശമായി പെരുമാറി എന്ന് ആരോപിച്ച് അക്രമം നടത്തിയതാണ് ആത്മഹത്യ പ്രേരണാകുറ്റം.
കുന്താപുരം ഇൻസ്പെക്ടറെ കൂടാതെ എസ്.ഐമാരായ പവന്‍, ശ്രീധര്‍ നായക്, പ്രസാദ് എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തിലുള്ളത്.