കാസര്‍കോട്: അനായാസം തേങ്ങ പൊതിക്കാവുന്ന പാര മുതല്‍ മൊബൈല്‍ ആപ് സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ജലഗുണമേന്മ പരിശോധന യന്ത്രം വരെ. കാസര്‍കോട് കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനത്തില്‍ (സി.പി.സി.ആര്.ഐ)
നടക്കുന്ന ഗ്രാമീണ ഗവേഷക സംഗമം കേരളത്തിലെ സാധാരണക്കാരായ ഗ്രാമീണ ഗവേഷകര്‍ തയ്യാറാക്കിയ സാങ്കേതിക വിദ്യകളാല്‍ സമ്പന്നം.
പാഴാകുന്ന വൈദ്യുതി നിയന്ത്രിച്ച് ഊര്‍ജ ലാഭം നേടാന്‍ സാധിക്കുന്ന ഇന്റര്‍മീഡിയേറ്റ് ലോഡ് പ്രൊട്ടക്ടര്‍ ആന്‍ഡ് പവര്‍ സേവര്‍ (ഐ.എല്‍.പി.എസ്) എന്ന ഉപകരണമാണ് ഇടുക്കിയില്‍ നിന്നുള്ള ബിജു നാരായണന്റേത് . സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളില്‍ ഇത് ഉപയോഗിച്ച് വൈദ്യുതി ചെലവ് ഗണ്യമായി കുറഞ്ഞുവെന്ന് അദ്ദേഹം അവകാശപ്പെട്ടു.
ചാലക്കുടി സഹൃദയ എന്‍ജിനിയറിംഗ് കോളജിലെ ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സിലെ ഹെന്‍വിന്‍ ജോയ്,മരിയ ഷാജു,ഗ്രനന്റ് പോള്‍ റാഫി എന്നീ വിദ്യാര്‍ത്ഥികള്‍ ജലസംഭരണികളിലെ വെള്ളത്തിന്റെ ഗുണനിലവാരം മൊബൈല്‍ ഫോണ്‍ ആപ് വഴി പ്രതിദിനം അറിയാന്‍ സാധിക്കുന്ന സാങ്കേതിക വിദ്യയാണ് തയ്യാറാക്കിയത്. ഗുണമേന്മയില് കുറവുണ്ടായാല്‍ മൊബൈല്‍ ആപ്ലിക്കേഷനില്‍ മുന്നറിയിപ്പ് ലഭിക്കും.
തൃശൂരില്‍ നിന്നുള്ള പി.വി.ഷൈജുവിന്റെ ഗവേഷണത്തില്‍ രൂപപ്പെട്ട ഉപകരണത്തില്‍ തേങ്ങ ആട്ടി എണ്ണയാക്കാം,ഇഡിയപ്പം ചുടാം,
തേങ്ങ ചിരകുകയും ചെയ്യാം. ചെറിയ അളവിലുള്ള തേങ്ങ മില്ലുകളില്‍ എത്തിച്ച് ആട്ടി എണ്ണയാക്കുന്നത് പ്രായോഗികമല്ലാത്ത സാഹചര്യത്തില്‍ ഷൈജുവിന്റെ ഈ കണ്ടുപിടിത്തം ഉപകരിക്കും. അരമണിക്കൂര്‍ സമയത്തില്‍ അരലിറ്റര്‍ എണ്ണ ആട്ടി എടുക്കാന്‍ സാധിക്കും. ഷൈജു മുമ്പ് നിര്‍മിച്ച മുളകിന്റെ ഞെടുപ്പ് കളയുന്ന സാങ്കേതിക വിദ്യക്ക് റൂറല്‍ ഇന്നവേഷന്‍ അവാര്‍ഡ് അടക്കം ലഭിച്ചിരുന്നു.
തേങ്ങ പൊതിക്കല്‍, ഗ്രാമ്പുവിന്റെ തൊണ്ട് കളയല്‍, കുഴി എടുക്കല്‍ തുടങ്ങി കാര്‍ഷിക മേഖലക്ക് കരുത്താകുന്ന കണ്ടുപിടിത്തങ്ങള്‍
സംഗമത്തില്‍ ഒരുക്കി.