കോഴിക്കോട്: തെരുവ്നായകള്‍ക്ക് ഭക്ഷണം നല്‍കുന്നത് നല്ല കാര്യമാണെങ്കിലും അറവുമാലിന്യങ്ങളും കോഴിക്കടയിലെ മാലിന്യങ്ങളും മറ്റും തെരുവ് നായകള്‍ക്ക് എറിഞ്ഞുകൊടുക്കുന്ന പ്രവണത അവയെ കൂടുതല്‍ അക്രമണകാരികളാകാന്‍ മാത്രമെ ഉപകരിക്കുകയുള്ളൂവെന്ന് വിദഗ്ധര്‍ പറയുന്നു. പതിവായി മാംസാഹാരം കഴിക്കുന്നത് നായകളുടെ സ്വഭാവത്തില്‍ മാറ്റം വരുത്തും. ചോരകലര്‍ന്ന പച്ചമാംസം തുടര്‍ച്ചയായി കഴിക്കുന്നത് നായ്ക്കളെ അക്രമണ സ്വഭാവമുള്ളതാക്കി മാറ്റുമെന്ന് മൃഗസംരക്ഷണവകുപ്പിലെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ചില ദിവസങ്ങളില്‍ ഭക്ഷണം കിട്ടാതെ വരുമ്പോള്‍ അവ കണ്ണില്‍ കണ്ടതിനെയെല്ലാം ആക്രമിക്കാന്‍ ശ്രമിക്കുന്നു. പൊതുസ്ഥലങ്ങളില്‍ മാലിന്യം തള്ളുന്നതും ഇറച്ചിയവശിഷ്ടങ്ങളും മറ്റും നായകള്‍ക്ക് നല്‍കി ബാധ്യത ഒഴിവാക്കാന്‍ ചിലര്‍ ശ്രമിക്കാറുണ്ട്. ഇത് നാട്ടുകാര്‍ക്കാണ് ദോഷമായി തീരുന്നത്. ചോരകലര്‍ന്ന പച്ചമാംസം കഴിച്ചാല്‍ തെരുവ്നായകള്‍ ആക്രമണകാരികളായി മാറുമെന്നത് ശാസ്ത്രീയമായ വസ്തുതയാണെന്ന് വിദഗ്ധര്‍ പറയുന്നു. പ്രകോപനമില്ലാതെ നായ്ക്കള്‍ ആളുകളെ പിന്തുടര്‍ന്ന് ആക്രമിക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ഇതിന് മാറ്റം വരണമെങ്കില്‍ മാലിന്യസംസ്‌കരണം കാര്യക്ഷമമായി നടക്കണമെന്ന അഭിപ്രായം വിവിധ കോണുകളില്‍ നിന്ന് ഉയരുന്നുണ്ട്. തെരുവ്നായകള്‍ക്ക് ഭക്ഷണം നല്‍കാന്‍ പ്രത്യേക കേന്ദ്രങ്ങള്‍ ഉണ്ടെങ്കിലും പലരും പൊതുവഴിയിലും മറ്റും ഇട്ടുകൊടുക്കുകയാണ് ചെയ്യുന്നത്. ഇത് കാരണം നായകള്‍ പലയിടത്തും സംഘം ചേര്‍ന്നു നില്‍ക്കാനും ആളുകളെ ആക്രമിക്കാനും തുടങ്ങുന്നു.