കോഴിക്കോട്: നഗരത്തില്‍ ഒരാളും വിശന്നിരിക്കരുത് എന്ന സന്ദേശവുമായി സിറ്റി പോലീസ് ആവിഷ്‌കരിച്ച അക്ഷയപാത്രം പദ്ധതി നിലച്ചു. രണ്ടാം ഘട്ട കൊവിഡിനു ശേഷം മാസങ്ങളായി കൗണ്ടര്‍ അടഞ്ഞു കിടക്കുകയാണ്. 2021 ഫെബ്രുവരിയില്‍ കൊവിഡ് ചട്ടങ്ങള്‍ പാലിച്ച് കൗണ്ടര്‍ കുറച്ച് ദിവസം തുറന്ന് പ്രവര്‍ത്തിച്ചെങ്കിലും വീണ്ടും അടച്ചുപൂട്ടുകയായിരുന്നു.
ജനമൈത്രി പോലീസും തെരുവിന്റെ മക്കള്‍ ചാരിറ്റബിള്‍ സൊസൈറ്റിയും (ടിഎംസി) വിവിധ സംഘടനകളും ചേര്‍ന്ന് 2020 ജനുവരി ഒന്നിനാണ് സൗജന്യ ഭക്ഷണ വിതരണ പദ്ധതി ആരംഭിച്ചത്. പാവമണി റോഡില്‍ പോലീസ് ക്ലബിനടുത്ത് പോലീസ് ഡോര്‍മറ്ററിക്ക് സമീപമാണ് ഭക്ഷണ കൗണ്ടര്‍ പ്രവര്‍ത്തിക്കുന്നത്. തുടക്കത്തില്‍ പദ്ധതിക്ക് പൊതു ജനങ്ങളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നുമെല്ലാം മികച്ച പിന്തുണ ലഭിച്ചിരുന്നു. ഉച്ചക്ക് 12 മുതല്‍ മൂന്നുവരെയായിരുന്നു കൗണ്ടര്‍ വഴി ഭക്ഷണം വിതരണം ചെയ്തിരുന്നത്.
പോലീസ് കാന്റീനില്‍ നിന്നാണ് ഇവിടേക്ക് ഭക്ഷണം എത്തിച്ചിരുന്നത്.കൊവിഡില്‍ പോലീസ് കാന്റീന്‍ അടച്ചതോടെ ഭക്ഷണത്തിനായി കുറച്ച് ദിവസം കുടുംബശ്രീയെ ആശ്രയിച്ചിരുന്നു പിന്നീടാണ് കൗണ്ടര്‍ പൂര്‍ണ്ണമായും അടച്ചു പൂട്ടിയത്. തെരുവില്‍ കഴിയുന്ന നൂറോളം ആളുകളാണ് ഇതിനെ ആശ്രയിച്ചിരുന്നത്. ഭക്ഷണം ഇരുന്നുകഴിക്കാനായി 20 സീറ്റുള്ള ഹാള്‍ കൗണ്ടറിനു പിന്നില്‍ സ്ഥാപിച്ചിരുവെങ്കിലും കൊവിഡിനു ശേഷം പുനസ്ഥാപിച്ചിരുന്നില്ല. ഭക്ഷണ കൗണ്ടര്‍ എന്നു തുറക്കുമെന്ന കാര്യത്തില്‍ അധികൃതര്‍ക്ക് ഒന്നും പറയാനാവുന്നില്ല. അധികാരികളില്‍ നിന്നും ഇക്കാര്യത്തില്‍ അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലല്ലെന്നും ഇവര്‍ പറയുന്നു.
എന്നാല്‍ ഇതിനു ബദലായി പാളയത്ത് തെരുവില്‍ കഴിയുന്നവര്‍ക്കായി സൗജന്യ ഭക്ഷണം വിതരണം ചെയ്യുന്നതായി തെരുവിന്റെ മക്കള്‍ ചാരിറ്റബിള്‍ സൊസൈറ്റി അധികൃതര്‍ പറഞ്ഞു.