പാലക്കാട്: തൃത്താല ചിറ്റപ്പുറത്ത് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മരണം മൂന്നായി. പരുക്കേറ്റ് ചികിത്സയിലായിരുന്ന സെബിനാണ് മരിച്ചത്. സെബിന്റെ പിതാവ് അബ്ദുള്‍ സമദും മാതാവ് സെറീനയും ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരിച്ചിരുന്നു.
ഈ മാസം 21 ന് കാലത്ത് എട്ട് മണിയോടെയാണ് തൃത്താല ചിറ്റപുറത്ത് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടമുണ്ടായത്. അപകടത്തില്‍ കുടുംബത്തിലെ മൂന്ന് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. വീട്ടുടമയും ഗ്യാസ് ഏജന്‍സി ഡ്രൈവറുമായിരുന്ന അബ്ദുസമദ്, ഭാര്യ സെറീന, മകന്‍ സെബിന്‍ എന്നിവരെ ഗുരുതര പരുക്കുകളോടെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
അബ്ദുള്‍ സമദിന്റെ ഭാര്യ സെറീന അപകടം നടന്ന അന്ന് രാത്രി തന്നെ മരണത്തിന് കീഴടങ്ങി. 25 ന് രാവിലെയാണ് അബ്ദു സമദ് മരിച്ചത്. എറണാംകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു മുഹമ്മദ് സെബിന്‍.
ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച സമയത്ത് അബ്ദു സമദിന്റെ മാതാവും മകളും ഉണ്ടായിരുന്നെങ്കിലും ഇരുവരും അത്ഭുതകരമായി രക്ഷപ്പെട്ടു. നാല് വര്‍ഷത്തോളമായി ചിറ്റപ്പുറത്തെ വാടക വീട്ടിലായിരുന്നു കുടുംബം താമസിച്ചിരുന്നത്. വീട്ടില്‍ സൂക്ഷിച്ചിരുന്ന നാല് സിലിണ്ടറുകളില്‍ ഒന്ന് പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്.