തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ട്.
ഇന്ന് ഗള്‍ഫ് ഓഫ് മാന്നാര്‍, തെക്ക് ബംഗാള്‍ ഉള്‍ക്കടല്‍, വടക്ക് ആന്ധ്രാ തീരം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വേഗതയിലും ചിലപ്പോള്‍ 65 കിലോമീറ്റര്‍ വേഗതയിലും കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ ഈ മേഖലകളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല.
ശനിയാഴ്ച ഗള്‍ഫ് ഓഫ് മാന്നാര്‍, അതിനോട് ചേര്‍ന്ന തെക്ക് തമിഴ്നാട് തീരം, വടക്ക് ആന്ധ്രാ തീരം, തെക്ക് പടിഞ്ഞാറ് ബംഗാള്‍ ഉള്‍ക്കടല്‍, ശ്രീലങ്കന്‍ തീരം എന്നിവിടങ്ങളിലും ഞായറാഴ്ച കന്യാകുമാരി തീരം, ഗള്‍ഫ് ഓഫ് മാന്നാര്‍, അതിനോട് ചേര്‍ന്ന തെക്ക് തമിഴ്നാട് തീരം എന്നിവിടങ്ങളിലും തിങ്കളാഴ്ച കന്യാകുമാരി തീരം, ഗള്‍ഫ് ഓഫ് മാന്നാര്‍, അതിനോട് ചേര്‍ന്ന തെക്ക് തമിഴ്നാട് തീരം, തെക്ക് പടിഞ്ഞാറ് ബംഗാള്‍ ഉള്‍ക്കടല്‍, ശ്രീലങ്കന്‍ തീരം എന്നിവിടങ്ങളിലും മോശം കാലാവസ്ഥയും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ആ മേഖലകളില്‍ അതാത് തീയതികളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ല.