കോഴിക്കോട്: പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും എഞ്ചിനീയറും ശാസ്ത്ര സാങ്കേതിക രംഗത്തെ ചിന്തകള്‍ക്ക് ജനകീയമുഖം നല്‍കിയ എഴുത്തുകാരനുമായ ഡോ.എ.അച്യുതന്‍ (91) അന്തരിച്ചു.വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് കുറച്ചുകാലമായി വിശ്രമത്തിലായിരുന്നു.
കേരളശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പ്രസിഡന്റായി പ്രവര്‍ത്തിച്ചു. ശാസ്ത്രീയ പദ്ധതികള്‍ ആവിഷ്‌കരിക്കുമ്പോള്‍ ജനങ്ങള്‍ക്ക് എതിരാവരുതെന്ന് അദ്ദേഹം ആഗ്രഹിച്ചു. കോഴിക്കോട് മോണോറെയില്‍ പോലുള്ള പദ്ധതികള്‍ നമുക്ക് ആവശ്യമില്ലെന്ന് അദ്ദേഹം വസ്തുതകള്‍ നിരത്തി വാദിച്ചു. വികസന കാഴ്ചപ്പാടില്‍ പലപ്പോഴും മെട്രോമാന്‍ ഇ.ശ്രീധരന്റെ വീക്ഷണങ്ങളെയും വാദഗതികളെയും ഖണ്ഡിച്ചു. പൊതുജനങ്ങള്‍ക്ക് ദ്രോഹകരമായേക്കാവുന്ന എല്ലാത്തരം വികസനപ്രവര്‍ത്തനങ്ങളേയും നിരുത്സാഹപ്പെടുത്തി.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെപ്പറ്റി പഠിക്കാന്‍ സര്‍്ക്കാര്‍ നിയോഗിച്ച കമ്മിറ്റിയില്‍ അംഗമായിരുന്നു. പ്ലാനിംഗ് ബോര്‍ഡ് അംഗം എന്ന നിലയിലും പ്രവര്‍ത്തിച്ചു. മാവൂര്‍ ഗ്രാസിം മലിനീകരണം ഉള്‍പ്പെടെ നിരവധി പരിസ്ഥിതി പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെട്ട ഡോ.എ അച്യുതന് ശാസ്ത്ര,സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ പുരസ്‌കാരവും പവനന്‍ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.അദ്ദേഹം രചിച്ച ‘പരിസ്ഥിതി പഠനത്തിന് ഒരു ആമുഖം’ എന്ന കൃതിക്ക് 2014 ല്‍ കേരള സാഹിത്യ അക്കാദമിയുടെ വൈജ്ഞാനിക സാഹിത്യത്തിനുള്ള പുരസ്‌കാരം ലഭിച്ചു.