കോഴിക്കോട്: ബേപ്പൂര്‍ തുറമുഖത്ത് നിന്ന് ലക്ഷദ്വീപിലേക്ക് ഡീസല്‍ കയറ്റി അയക്കുന്നത് നിര്‍ത്തിയതോടെ കയറ്റിറക്ക് തൊഴിലാളികള്‍ക്ക് പണിയില്ലാതായി. വിവിധ ദ്വീപുകളിലെ പവര്‍ഹൗസുകളില്‍ വൈദ്യുതി ഉല്‍പാദനത്തിന് ബേപ്പൂര്‍ തുറമുഖം വഴിയാണ് ഡീസല്‍ കൊണ്ടുപോയിരുന്നത്. ഐ.ഒ.സിയുടെ ഡിപ്പോയില്‍ നിന്ന് ടാങ്കറുകളില്‍ എത്തിക്കുന്ന ഡീസല്‍ ബേപ്പൂരിലെ യാര്‍ഡില്‍ വീപ്പകളില്‍ നിറച്ച് ബാര്‍ജില്‍ കൊണ്ടുപോവുകയായിരുന്നു പതിവ്. പ്രതിമാസം 17,000 ലിറ്റര്‍ ഡീസല്‍ കൊണ്ടുപോയിരുന്നു. എന്നാല്‍, ഇപ്പോള്‍ ദ്വീപുകളില്‍ ഭൂഗര്‍ഭ സംഭരണികള്‍ സ്ഥാപിച്ച് ഡീസല്‍ സംഭരിക്കുകയാണ്. ഭരണകൂടം ഏര്‍പ്പെടുത്തിയ ടാങ്കര്‍ കപ്പല്‍ കൊച്ചി തുറമുഖത്ത് നിന്നാണ് ഡീസല്‍ കൊണ്ടുപോവുന്നത്. ബേപ്പൂരില്‍ നിന്ന് ആഴ്ചയില്‍ രണ്ടുതവണ ഡീസല്‍ കൊണ്ടുപോയിരുന്നു. അത് നിലച്ചതോടെ കയറ്റിറക്ക് തൊഴിലാളികള്‍ക്ക് കനത്ത തിരിച്ചടിയായി. വരുമാനം പകുതിയായി കുറഞ്ഞു. ഡീസല്‍ ഫില്ലിങ്, ബാരല്‍ റിപ്പയറിങ് ജോലികളും ഇല്ലാതായി. 12 പേരാണ് ഈ രംഗത്ത് മാത്രം ഉണ്ടായിരുന്നത്. ഡീസലിന് പുറമെ ദ്വീപിലേക്കുള്ള പാചകവാതകം, പെട്രോള്‍, മണ്ണെണ്ണ എന്നിവയും ഇവിടെ നിന്നാണ് കൊണ്ടുപോകുന്നത്.