കോഴിക്കോട്: പ്രളയബാധിത പ്രദേശങ്ങളിലെ ജനങ്ങളുടെ രേഖകള്‍ നഷ്ടപ്പെടാതെ ഡിജിറ്റല്‍ രൂപത്തില്‍ സൂക്ഷിച്ചുവയ്ക്കാന്‍
ഡിജിലോക്കര്‍ സംവിധാനവുമായി കൊടിയത്തൂര്‍, കാരശേരി ഗ്രാമപഞ്ചായത്തുകള്‍.
ജില്ലയില്‍ കൂടുതല്‍ വെള്ളപ്പൊക്ക ദുരിതമുണ്ടാകുന്ന കൊടിയത്തൂര്‍, കാരശേരി ഗ്രാമപഞ്ചായത്തുകളിലെ പ്രളയ ബാധിത പ്രദേശങ്ങളിലാണ് പദ്ധതിയുടെ ഭാഗമായി സൗജന്യ ക്യാമ്പ് നടപ്പിലാക്കുന്നത്.
ഡിജിലോക്കര്‍ സംവിധാനം ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് കൊടിയത്തൂര്‍, കാരശേരി ഗ്രാമപഞ്ചായത്തുകളിലെ പ്രളയബാധിത ഭീഷണി നേരിടുന്ന പ്രദേശങ്ങളിലെ ജനപ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട് തോട്ടുമുക്കം ഗവ: യു പി സ്‌കൂളില്‍ യോഗം ചേര്‍ന്നു.
പൗരന്മാര്‍ക്ക് തങ്ങളുടെ വ്യക്തിപരമായ രേഖകളും വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നും മറ്റും നല്‍കിയിട്ടുള്ള രേഖകളും ഡിജിറ്റല്‍ രൂപത്തില്‍ സൂക്ഷിച്ചുവയ്ക്കാന്‍ വേണ്ടി ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി കേന്ദ്ര ഐ.ടി മന്ത്രാലയം വിഭാവനം ചെയ്ത സംവിധാനമാണ് ഡിജി ലോക്കര്‍. സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപ്പെട്ടു പോകുന്നത് കേരളത്തില്‍ പ്രളയ സമയത്ത് അഭിമുഖീകരിച്ച പ്രധാന പ്രശ്നങ്ങളില്‍ ഒന്നായിരുന്നു. ഇത്തരത്തിലുള്ള പ്രശ്നങ്ങളുടെ ഒരു പരിധി വരെയുള്ള പരിഹാരമാണ് ഡിജിലോക്കര്‍ സംവിധാനം. ഡ്രൈവിങ് ലൈസന്‍സ്, ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, വാഹന രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍, ജനന സര്‍ട്ടിഫിക്കറ്റ് എന്നിങ്ങനെ അനേകം പ്രധാനപ്പെട്ട രേഖകള്‍ ഡിജിറ്റല്‍ രൂപത്തില്‍ ഡിജിലോക്കറില്‍ സുരക്ഷിതമായി സൂക്ഷിക്കാം. ഇതിനു പ്രത്യേക ചാര്‍ജുകളില്ല. ഇങ്ങനെ സൂക്ഷിച്ചിരിക്കുന്ന ഏത് രേഖകളും ആവശ്യമുള്ളപ്പോള്‍ ഡിജിറ്റല്‍ രൂപത്തില്‍ പരിശോധന സമയത്തും മറ്റും സമര്‍പ്പിക്കാവുന്നതാണ്. ഐ.ടി ആക്ട് പ്രകാരം അസല്‍ സര്‍ട്ടിഫിക്കറ്റുകളുടെ തുല്യത ഡിജിലോക്കര്‍ സര്‍ട്ടിഫിക്കറ്റുകള്‍ക്കും ലഭ്യമാണ്. പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട ഇരു പഞ്ചായത്തുകളിലും ക്യാംപുകള്‍ നടത്തും. കാരശ്ശേരിയില്‍ ഈ മാസം 20നും കൊടിയത്തൂരില്‍ 27നുമാണ് ക്യാമ്പ്.
യോഗത്തില്‍ കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ഷംലൂലത്ത്, കാരശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി സ്മിത, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ സത്യന്‍ മുണ്ടയില്‍, ദിവ്യ ഷിബു, കൊടിയത്തൂര്‍ പഞ്ചായത്ത് അംഗം സിജി കുറ്റിക്കൊമ്പില്‍, തഹസില്‍ദാര്‍ പ്രേം ലാല്‍ ,
ഐ.ടി മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ എന്‍.എം അജിഷ, അക്ഷയ കോഡിനേറ്റര്‍ അഷിത, കൊടിയത്തൂര്‍ വില്ലേജ് ഓഫിസര്‍ സിജു, കുമാരനെല്ലൂര്‍ വില്ലേജ് ഓഫിസര്‍ നജ്മുല്‍ ഹുദ തുടങ്ങിയവര്‍ പങ്കെടുത്തു.