കൊച്ചി:തൃക്കാക്കരയില്‍ ട്വന്റി20യ്ക്കും സാബു എം.ജേക്കബ്ബിനും പിന്നാലെ നിര്‍ലജ്ജം പിന്തുണ തേടി നടക്കുന്നതു യുഡിഎഫ്, എല്‍ഡിഎഫ് മുന്നണികളുടെ ഗതികേടാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്. പിണറായി സര്‍ക്കാര്‍ ട്വന്റി20യെ വേട്ടയാടിയപ്പോള്‍, യുഡിഎഫ് രാജാവിനേക്കാള്‍ വലിയ രാജഭക്തി കാണിച്ചാണ് വേട്ടയാടിയത്. എന്നിട്ട് അവരും ഇപ്പോള്‍ പറയുന്നു വോട്ടു വേണമെന്നാണ്. രണ്ടു കൂട്ടരും സാബുവിനെ വാനോളം പുകഴ്ത്തുകയാണെന്ന് സുരേന്ദ്രന് ചൂണ്ടിക്കാട്ടി.
”ട്വന്റി20യുടെ ദലിത് സമുദായക്കാരനായ പ്രവര്‍ത്തകനെ സിപിഎം പ്രവര്‍ത്തകര്‍ കൊന്നപ്പോള്‍ ഒരു രാഷ്ട്രീയ പ്രവര്‍ത്തകനും തിരിഞ്ഞു നോക്കിയില്ല. ബിജെപിയുടെ എല്ലാ നേതാക്കളും അവിടെ ഓടിയെത്തി. അവര്‍ക്കായി സംസാരിക്കാനുണ്ടായിരുന്നത് ബിജെപിയും എന്‍ഡിഎയും മാത്രമാണ്. ഇപ്പോള്‍ ഉപതിരഞ്ഞെടുപ്പു വന്നപ്പോള്‍ എല്ലാവരും പിന്നാലെ ചെല്ലുകയാണ്’ സുരേന്ദ്രന് പറഞ്ഞു.
”അന്നും ഇന്നും ബിജെപി എടുത്ത നിലപാടുണ്ട്. ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങള്‍ എല്ലാം സാബുവിനെ സ്വാഗതം ചെയ്തതാണ് ചരിത്രം. വികസനം തുടങ്ങാന്‍ വാതിലുകള്‍ മലര്‍ക്കെ തുറന്നിട്ടിരിക്കുകയാണ് എന്നാണ് ബിജെപി പറഞ്ഞത്.
തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്കു വലിയ നേട്ടമാണ് ലഭിച്ചത്. എറണാകുളം ജില്ലയില്‍ ബിജെപി മല്‍സരിച്ച അഞ്ചിടങ്ങളില്‍ മൂന്നിടത്തും ജയിച്ചു. തോറ്റ രണ്ടിടങ്ങളിലും വലിയ മുന്നേറ്റമാണ് ഉണ്ടാക്കിയത്. മതന്യൂനപക്ഷങ്ങളുടെ വോട്ടുകളും ബിജെപിക്കും എന്‍ഡിഎയ്ക്കും ലഭിച്ചതിന്റെ സൂചനയാണിത്’ സുരേന്ദ്രന് പറഞ്ഞു.