കോഴിക്കോട്: കോട്ടയം-ചിങ്ങവനം റൂട്ടില്‍ പാതയിരട്ടിപ്പിക്കല്‍ ജോലിയുമായി ബന്ധപ്പെട്ട് കോട്ടയം വഴിയുളള പരശുറാം, ജനശതാബ്ദി എക്‌സ്പ്രസ് ട്രെയിനുകള്‍ 20 മുതല്‍ 29 വരെ റദ്ദാക്കാനുള്ള തീരുമാനം മലബാറിലെ യാത്രക്കാര്‍ക്ക് ഇരുട്ടടിയാവുന്നു. രോഗികളും വിദ്യാര്‍ത്ഥികളും ഉദ്യോഗസ്ഥരുമടക്കം നിരവധി യാത്രക്കാരാണ് പ്രയാസപ്പെടുന്നത്. ഈ ട്രെയിനുകള്‍ ഷൊര്‍ണൂര്‍ വരെയോ എറണാകുളം വരെയോ ഓടിക്കണമെന്നാണ് യാത്രക്കാരുടെ അഭ്യര്‍ത്ഥന. കോട്ടയത്തിന് സമീപം പണി നടക്കുന്നതിന്റെ പേരില്‍ ട്രെയിന്‍ റദ്ദാക്കുന്ന നടപടി ശരിയല്ലെന്നാണ് അഭിപ്രായമുയരുന്നത്. റെയില്‍വേയിലെ ജീവനക്കാര്‍ തന്നെ ഇതിന്റെ അശാസ്ത്രീയത ചൂണ്ടിക്കാട്ടുന്നു.
മംഗളരുവില്‍ നിന്ന് നാഗര്‍കോവിലിലേക്ക് പോകുന്ന പരശുറാം 20 മുതല്‍ 28 വരെയും നാഗര്‍കോവിലില്‍ നിന്ന് മംഗളുരുവിലേക്കുള്ള പരശുറാം 21 മുതല്‍ 29 വരെയുമാണ് റദ്ദാക്കിയത്. ജനശതാബ്ദിയും 21 മുതല്‍ 28 വരെ റദ്ദാക്കിയിട്ടുണ്ട്.
തിരുവനന്തപുരം-ഷൊര്‍ണൂര്‍ വേണാട് എക്‌സ്പ്രസും 24 മുതല്‍ 28 വരെ ഓടില്ല. ഷൊര്‍ണൂരിനും മംഗളുരുവിനും ഇടയില്‍ ഈ ട്രെയിനുകള്‍ ഓടിക്കുന്നതിന് എന്ത് തടസ്സം എന്നാണ് യാത്രക്കാര്‍ ചോദിക്കുന്നത്. സെക്കന്തരാബാദ്-തിരുവനന്തപുരം ശബരി എക്‌സ്പ്രസ് ഷൊര്‍ണൂര്‍ വരെ ഓടിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
മാവേലി, മലബാര്‍ എക്‌സ്പ്രസുകളില്‍ കോച്ച് വര്‍ധിപ്പിച്ചാല്‍ യാത്രക്കാരുടെ ദുരിതത്തിന് ചെറിയൊരു പരിഹാരമാകും. എന്നാല്‍ ഇക്കാര്യത്തില്‍ റെയില്‍വേ എന്തെങ്കിലും ചെയ്യുമോ എന്ന് വ്യക്തമല്ല. റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ഇക്കാര്യം ആവശ്യപ്പെട്ട് നിവേദനം നല്‍കിയിട്ടുണ്ട്.