കോഴിക്കോട്: ട്രെയിനില്‍ സാമൂഹ്യവിരുദ്ധര്‍ ആയുധപ്രയോഗം നടത്തിയതിലൂടെ രണ്ടു പേര്‍ക്ക് പരിക്കേറ്റു. മംഗളരു-തിരുവനന്തപുരം എക്സ്പ്രസില്‍ വടകരക്കും കൊയിലാണ്ടിക്കും ഇടയിലാണ് കഴിഞ്ഞദിവസം അക്രമം അരങ്ങേറിയത്. കോഴിക്കോട് കോന്നാട് ബീച്ച് സ്വദേശി അഹമ്മദ് മന്‍സിലില്‍ കെ.പിറഷീദ്, വെള്ളയില്‍ സ്വദേശി റഹീം എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇവര്‍ വടകരയില്‍ നിന്ന് ട്രെയിന്‍ കയറിയതായിരുന്നു. കോഴിക്കോട് സ്വദശി ക്രിസ്റ്റഫര്‍, കൊയിലാണ്ടി മുചുകുന്ന് സ്വദേശി സുധീഷ് എന്നിവരാണ് ആക്രമിച്ചത്. ഇരുവരും മദ്യലഹരിയിലായിരുന്നു. റഷീദും റഹീമുമായി ഇവര്‍ വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടു. തുടര്‍ന്ന് ബ്ലേഡ് കൊണ്ടു വീശുകയായിരുന്നു. റഷീദിന്റെ കൈവിരല്‍ മുറിഞ്ഞു. റഹീമിന്റെ കാലിനാണ് പരിക്ക്. ഇവരെ കൊയിലാണ്ടി ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. യാത്രക്കാരുടെ മര്‍ദ്ദനത്തില്‍ ക്രിസ്റ്റഫറിനും സുധീഷിനും പരിക്കുണ്ട്. ഇവരും ചികിത്സയിലാണ്. ചികിത്സക്ക് ശേഷം പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് റെയില്‍വേ പൊലീസ് പറഞ്ഞു.