കോഴിക്കോട്: സാമൂഹ്യ നീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കായി ട്രാന്‍സ്ജെന്‍ഡര്‍ ക്ഷേമം സംബന്ധിച്ച് ഏകദിന ബോധവല്‍ക്കരണ പരിപാടി’ സംഘടിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു. ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുടെ സാമൂഹിക അവകാശം സംബന്ധിച്ച് കുടുംബശ്രീ സി ഡി എസ്, എ. ഡി. എസ് അംഗങ്ങള്‍ക്കായി ഓരോ വര്‍ഷവും ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിക്കാറുണ്ട്.
പരിപാടിയോടനുബന്ധിച്ച് ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുമായി ബന്ധപ്പെട്ട നിയമങ്ങളും ചട്ടങ്ങളും എന്ന വിഷയത്തില്‍ അഡ്വ. സീനത്ത്, ട്രാന്‍സ്ജെന്‍ഡര്‍ ഹെല്‍ത്ത്, മെന്റല്‍ ഹെല്‍ത്ത് എസ് ആര് എസ് എന്ന വിഷയത്തില്‍ ഡോക്ടര്‍ രാഗേഷ് എന്നിവര്‍ ക്ലാസുകള്‍ എടുത്തു. ട്രാന്‍സ്ജെന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡ് ടി ജി കമ്മ്യൂണിറ്റി പ്രതിനിധി മെമ്പര്‍ നഗ്മ സുസ്മി ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുടെ അനുഭവങ്ങള്‍ പങ്കുവെച്ചു.
ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ഇന്‍ ചാര്‍ജ് രങ്കരാജ് ബി അധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശിവാനന്ദന്,
ജില്ലാ സാമൂഹ്യനീതി ഓഫീസ് ജൂനിയര്‍ സൂപ്രണ്ട് നിഷാന്ത് കുമാര്‍, ജില്ലാ സാമൂഹ്യനീതി ഓഫീസ് ക്ലര്‍ക്ക് അനൂജ് രാമകൃഷ്ണന് തുടങ്ങിയവര്‍ സംസാരിച്ചു.