സ്വന്തം ലേഖകന്‍
കോഴിക്കോട്: ദേശീയപാതയില്‍ പൂളാടിക്കുന്ന്-വെങ്ങളം ബൈപ്പാസ് പുറക്കാട്ടിരി പാലത്തിനടുത്ത് ടെമ്പോ ട്രാവലറും ടോറസ് ലോറിയും കൂട്ടിയിടിച്ച് കര്‍ണാടകയില്‍ നിന്നുള്ള അയ്യപ്പഭക്തര്‍ അടക്കം മൂന്നു പേര്‍ മരിച്ചു. ട്രാവലറിന്റെ ഡ്രൈവര്‍ എറണാകുളം സ്വദേശി ദിനേശ്(45), കര്‍ണാടക ഹസ്സന്‍ സ്വദേശികളായ ശിവണ്ണ(35), നാഗരാജ്(40) എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് അപകടം.മൂന്നുപേരും സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. 12 പേര്‍ക്ക് പരിക്കുണ്ട്. ട്രാവലറിന്റെ മുന്‍ഭാഗം വെട്ടിപൊളിച്ചാണ് ദിനേശനെ പുറത്തെടുത്തത്. ശബരിമല ദര്‍ശനം കഴിഞ്ഞ് തിരിച്ചുവരികയായിരുന്നു ടെമ്പോ ട്രാവറിലുള്ളവര്‍. ട്രാവലര്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് പറയുന്നു.ട്രാവലര്‍ നേരിട്ട് ലോറിയില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ട്രാവലറിന്റെ മുന്‍ഭാഗം അരമീറ്ററോളം ഉള്ളിലേക്ക് അമര്‍ന്നു. പരിക്കേറ്റവരെ നാട്ടുകാരും പൊലീസും ചേര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്ക് മാറ്റി. ഹസ്സന്‍ സ്വദേശികളായ വിനായക്(22), ലോകേഷ്(50), സുരേഷ്(30), രാഗേഷ്(32), കൃഷ്ണഷെട്ടി(37), ഗണേഷ്(37), സുമന്‍(22),വെങ്കിടേശ്(32),അശോക്(27)രാകി(27) എന്നിവര്‍ക്കാണ് പരിക്കേറ്റത്. നാലു പേരുടെ നില ഗുരുതരമാണ്.