കല്‍പ്പറ്റ: ജാതി മത വര്‍ഗ്ഗ വിവേചനങ്ങളാല്‍ മലിനമായ മനസ്സുകളെ, ധര്‍മ്മ ചിന്തകളുടെയും സദാചാര ബോധത്തിന്റെയും നന്മകളില്‍ ഉറപ്പിച്ചു നിര്‍ത്തുന്നതിന് സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ പ്രയോജനപ്പെടുത്തണമെന്നും അതുകൊണ്ടു തന്നെ രാജ്യത്ത്, മറ്റെന്തിനേക്കാള്‍ പ്രാധാന്യത്തോടെ പരിഗണിക്കപ്പെടേണ്ടതാണ് സാംസ്‌കാരിക കൂട്ടായ്മകളെയന്നും അഡ്വ: ടി. സിദ്ദീഖ് എം.എല്.എ. അഭിപ്രായപ്പെട്ടു.
സാംസ്‌കാരിക പ്രവര്‍ത്തനം ഒരു സര്‍ഗ്ഗാത്മക പ്രകടനം കൂടിയാണ്. എഴുത്തും വായനയും പുസ്തകങ്ങളും ചര്‍ച്ചകളും സംവാദങ്ങളുമാണ് അതിന്റെ ഇടം. ജനാധിപത്യത്തിന് എക്കാലത്തും ജീവ വായു നല്‍കീട്ടുള്ളത് ഈ മട്ടിലുള്ള പ്രവര്‍ത്തനങ്ങള്‍ കൂടിയായിരുന്നുവെന്ന് സിദ്ദീഖ് ഓര്‍മിപ്പിച്ചു.

ട്രെന്റ് സാംസ്‌കാരിക വേദി, സൂര്യ കോംപ്ലക്‌സിലെ ട്രെന്‍ഡ് ബുക്‌സ് അങ്കണത്തില്‍ സംഘടിപ്പിച്ച സാംസ്‌കാരിക കൂട്ടായ്മ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സാംസ്‌കാരിക പ്രവര്‍ത്തകന്‍ താജ് മന്‍സൂര്‍ ആധ്യക്ഷ്യം വഹിച്ചു.
മനുഷ്യ മനസ്സിനെയും അതു വഴി സമൂഹത്തെയും സംസ്‌കരിക്കാന്‍ വായനയോളം സാംസ്‌കാരിക പ്രവര്‍ത്തനങ്ങളോളം സുതാര്യമായ വഴികളില്ലെന്നും കോവിഡ് കാലത്തു അടഞ്ഞു പോയ സാംസ്‌കാരിക കൂട്ടായ്മകളെ അടിയന്തിരമായും പുനരുജ്ജീവിപ്പിക്കണമെന്നും ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തിയ എഴുത്തുകാരന്‍ അര്‍ഷദ് ബത്തേരി വ്യക്തമാക്കി. മനുഷ്യര്‍ക്കിടയില്‍ കോവിഡ് ഉണ്ടാക്കിയ ഒരു മാനസിക ദൂരമുണ്ട്. ഒത്തു കൂടലുകളും മനസ്സ് തുറക്കലുകളും വഴി അതിനെ മാറ്റിയെടുക്കാന്‍ അവസരം സൃഷ്ടിക്കുക സാംസ്‌കാരിക പ്രവര്‍ത്തകരുടെ ചുമതലയാണെന്നും അര്‍ഷദ് പറഞ്ഞു.
‘നന്മ ചോരുകയാണ്; തിന്മയുടെ വിളയാട്ടമാണ് കാണുന്നതും കേള്‍ക്കുന്നതും. തിന്മയുടെ പുറന്തോട് തകര്‍ത്ത് മനുഷ്യത്വത്തെ പുറത്തു കൊണ്ടു വരാന്‍ ഉപകരിക്കുന്ന എഴുത്തും പ്രവര്‍ത്തനങ്ങളും അനിവാര്യമായി വന്നിരിക്കുകയാണ്’ ചടങ്ങില്‍ പ്രസംഗിച്ച കവയത്രി എ. എസ്. ആതിര പറഞ്ഞു.
സാംസ്‌കാരിക പ്രവര്‍ത്തകന്‍ ടി. സച്ചിദാനന്ദന്‍, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ടി. പി. ചെറൂപ്പ, ട്രെന്റ് ബുക്‌സ് എഡിറ്റര്‍ സതീഷ് കെ. സതീഷ് പ്രസംഗിച്ചു. തന്‍സീറ കവിത ചൊല്ലി . ഇ. മുസ്തഫ മാസ്റ്റര്‍ മുട്ടില്‍, എന്‍. അബ്ദുല്‍ ഗഫൂര്‍ നുസ്‌രി സംബന്ധിച്ചു.