സുധാ മേനോന്‍
വസ്തുതാവിരുദ്ധതയും , ചരിത്രവിരുദ്ധതയും, അതിലുപരി ‘വെറും മണ്ടത്തരവും’ മാത്രം നിറഞ്ഞ ഒരു പോസ്റ്റ് ഇട്ടിട്ടും, നിരുപാധികം ക്ഷമാപണം നടത്താതെ കുറ്റബോധവും ലജ്ജയുമില്ലാതെ ന്യായീകരിക്കുകയാണ് കെ.ടി. ജലീല്‍. മാത്രമല്ല, തെറ്റ് ചൂണ്ടിക്കാണിച്ച മനുഷ്യരോട് മുഴുവന്‍ അദ്ദേഹത്തിന് ‘സഹതാപവും’.
ഇദ്ദേഹം കേരളത്തിലെ ‘ഉന്നതവിദ്യാഭ്യാസമന്ത്രി’ ആയിരുന്നു എന്നോര്‍ക്കണം. ചരിത്രാധ്യാപകന്‍ ആയ ജലീല്‍, വി.പി മേനോനെയും പട്ടേലിനെയും കുറിച്ചുള്ള ആധികാരിക ഗ്രന്ഥങ്ങളും വിഭജനകാലത്തെ ഔദ്യോഗിക രേഖകളും വായിക്കണമെന്ന് പറയുന്നില്ല. മിനിമം ഗൂഗിളില്‍ തിരഞ്ഞാല്‍ താങ്കള്‍ പറഞ്ഞത് മുഴുവന്‍ തെറ്റാണെന്നു മനസിലാകും. അല്ലാതെ തെറ്റ് ചൂണ്ടിക്കാണിക്കുന്നവരോട് സഹതപിക്കുന്നത് ഒറ്റവാക്കില്‍ പറഞ്ഞാല്‍ അഹങ്കാരമാണ്.
വിഭജന കാലത്ത് കശ്മീര്‍ രണ്ടായി പകുക്കുകയോ, ഇരു കാശ്മീരുകള്‍ക്കും സ്വയം നിര്‍ണ്ണയാവകാശം ബ്രിട്ടീഷുകാര്‍ നല്‍കുകയോ ചെയ്തിട്ടില്ല. പാര്‍ട്ടീഷന്‍ എഗ്രിമെന്റും, റാഡ്ക്ലിഫ് എഗ്രിമെന്റും പ്രകാരം പാക്കിസ്ഥാന് കാശ്മീരില്‍ ഒരവകാശവും ഇല്ല. രാജാ ഹരിസിംഗ് ഇന്ത്യന്‍ യുനിയനില്‍ ചേര്‍ന്നതോടെ ഈ വിഷയം അപ്രസക്തമാണ്. നുഴഞ്ഞുകയറ്റം നടത്തിയത് പാക്കിസ്ഥാന്‍ ആണ്. ‘ഇന്ത്യന്‍ അധീന കാശ്മീര്‍’ ‘ആസാദ് കാശ്മീര്‍’ എന്ന വിശേഷണം അതുകൊണ്ടുതന്നെ ചരിത്രവിരുദ്ധവും,ഇന്ത്യയുടെ ഔദ്യോഗിക നിലപാടിന് എതിരുമാണ്. ഒരൊറ്റ കാശ്മീര്‍ മാത്രമേയുള്ളൂ. ആ കാശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണ്. നുഴഞ്ഞു കയറി പാകിസ്ഥാന്‍ കൈക്കലാക്കിയ പ്രദേശത്തെ നമ്മള്‍ വിളിക്കുന്നത് പാക് അധീന കശ്മീര്‍ എന്നാണ്. അത് ജലീല്‍ പറയുന്നത് പോലെ ഇന്ത്യയില്‍ നിന്നും ‘ആസാദ്’ നേടിയ പ്രദേശം അല്ല. ഇന്ത്യന്‍ പൌരന്‍ അംഗീകരിക്കേണ്ട അടിസ്ഥാനവസ്തുത ആണിത്.
കാശ്മീരികളുടെ മനുഷ്യാവകാശലംഘനം മറ്റൊരു വിഷയമാണ്. അതിനെ കാശ്മീരിന് മുകളില്‍ ഇന്ത്യക്കുള്ള പരമാധികാരവുമായി കൂട്ടിക്കെട്ടേണ്ട കാര്യമില്ല. അബദ്ധം സമ്മതിക്കാന്‍ വിസമ്മതിച്ചുകൊണ്ട്, തെറ്റ് ചൂണ്ടിക്കാണിക്കുന്നവരെ പരിഹസിക്കുന്ന കെ.ടി. ജലീല്‍ നിരുപാധികം മാപ്പ് പറയുന്നതാണ് ഔചിത്യവും, രാഷ്ട്രീയമര്യാദയും. ജലീലിന്റെ മണ്ടത്തരം ലൈക്കടിച്ചു പ്രോത്സാഹിപ്പിക്കുന്ന മനുഷ്യരുടെ എണ്ണം ആണ് അമ്പരപ്പിക്കുന്നത്. അയാള്‍ പറഞ്ഞ വിഡ്ഢിത്തത്തില്‍ എന്താണിത്ര ആഘോഷിക്കാന്‍ ഉള്ളത്?