കോഴിക്കോട്: ജലത്തിന്റെ പ്രാധാന്യം വിളിച്ചോതി ഡോ. സമുദ്ര മധുവും ഡോ. സമുദ്ര സജീവും ചേര്‍ന്നൊരുക്കിയ ‘ജലം’ കണ്ടംപററി ഡാന്‍സ് ശ്രദ്ധേയമായി. വരുണ ഭഗവാനാണ് ജലം ഭൂമിയില്‍ കൊണ്ടുവന്നത് എന്ന ഐതീഹ്യത്തില്‍ നിന്നു തുടങ്ങി ജലത്തിന്റെ വിവിധ ഭാവത്തെ നൃത്തച്ചുവടുകളിലൂടെ ‘ജലം’ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിച്ചു. വിനോദ സഞ്ചാര വകുപ്പും ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണാഘോഷപരിപാടികളുടെ ഭാഗമായി തളിയിലെ വേദിയിലാണ് ‘ജലം’ അരങ്ങേറിയത്.
ശാന്തം, സ്നേഹം, ലാസ്യം, പ്രണയം തുടങ്ങി ഐതിഹ്യവും യാഥാര്‍ഥ്യവും സംയോജിപ്പിച്ചു കൊണ്ടുള്ള ആഖ്യാന രീതിയാണ് ജലത്തിന്റെ ഒന്നാം പകുതിയില്‍ അവലംബിച്ചത്. രണ്ടാം പകുതിയില്‍ ഐതീഹ്യത്തില്‍ നിന്നും യാഥാര്‍ഥ്യത്തിലേക്കു കടന്നു. ശുദ്ധജലം മലിനമാക്കപ്പെടുന്ന സാഹചര്യങ്ങള്‍ നൃത്ത രൂപത്തില്‍ വേദിയിലെത്തി.
ശുദ്ധജലം മലിനമാക്കുന്ന ജനത്തെ പ്രതിനിധീകരിച്ച് കടന്നുവരുന്ന രാക്ഷസ വേഷം നൃത്താവതരണത്തെ വ്യത്യസ്തമാക്കി. ശുദ്ധജലത്തിന്റെ ദൗര്‍ലഭ്യവും, ജീവജാലങ്ങളുടെ വിനാശാവസ്ഥയും നര്‍ത്തകരുടെ ശരീര ഭാഷയിലൂടെ വ്യക്തമാക്കി. പിന്നീട് രൗദ്രരൂപിയായി പ്രതികരിക്കുന്ന ജലം പ്രളയമായി അവതരിക്കുന്നതോടെയാണ് നൃത്താവതരണം അവസാനിക്കുന്നത്. ജലം അമൂല്യമാണെന്നും അതിനെ ബഹുമാനിക്കാനും സംരക്ഷിക്കാനും ജനങ്ങള്‍ ശ്രദ്ധിക്കുകയും വേണമെന്ന സന്ദേശമാണ് കലാകാരന്മാര് ജലത്തിലുടനീളം മുന്നോട്ട് വെക്കുന്നത്.
ചടുലമായ നൃത്തച്ചുവടുകള്ക്കനുസൃതമായിട്ടായിരുന്നു വാദ്യോപകരണങ്ങളുടെ ശബ്ദം. നൃത്താവതരണത്തിന്റെ ആരംഭം മുതല്‍ അവസാനം വരെ കലാകാരന്മാരുടെ ഓരോ ചലനങ്ങളും സസൂക്ഷ്മം വീക്ഷിക്കുകയായിരുന്നു പ്രേക്ഷകര്‍. സദസിന്റെ നിറഞ്ഞ കയ്യടി ജലത്തെ പ്രേക്ഷകര്‍ നെഞ്ചിലേറ്റിയെന്നതിന്റെ തെളിവായിരുന്നു.
എം.എസ് ദീപ, ഡി.സൗപര്‍ണ്ണിക, ജി.എസ് സത്യചിത്ര, ഷൈജുദാസ്, ആര് ജയകുമാര്‍, മധുഗോപിനാഥ്, വക്കം സജീവ് എന്നിവര്‍ നൃത്തച്ചുവടുകളുമായി മധുഗോപിനാഥിനും വക്കം സജീവിനും ഊര്‍ജ്ജം പകര്‍ന്നു. കലാമണ്ഡലം ആനന്ദ്, എസ് ദാസന്, കാവാലം സജീവ് എന്നിവരാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. ഇഷാന് ദേവ് മ്യൂസിക് ഡിസൈനും ജോസ് കോശി ലൈറ്റിംഗും നിര്‍വഹിച്ചു.
രണ്ടു പതിറ്റാണ്ടിലേറെയായി കലാ രംഗത്ത് പ്രവര്‍ത്തിക്കുന്നവരാണ് മധുഗോപിനാഥും വക്കം സജീവും. ശരീര ഭാഷകൊണ്ട് ആശയവിനിമയം നടത്തുന്ന നൂതന നൃത്തശൈലി രൂപപ്പെടുത്തിയ ഇവര്‍ ഇന്ത്യയിലും വിദേശത്തുമായി നിരവധി നൃത്ത പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. സിനിമ കൊറിയോഗ്രാഫി നിര്‍വഹണത്തില്‍ ദേശീയ-സംസ്ഥാന അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. കേരള സംഗീത നാടക അക്കാദമി അവാര്‍ഡും ലഭിച്ചിട്ടുണ്ട്.
[