കോഴിക്കോട്: ജനാധിപത്യം വഴി തെറ്റുമ്പോള്‍ അതിനെ നേര്‍വഴിക്ക് നടത്താനുള്ള ബാധ്യത പൗരന്മാര്‍ക്കുണ്ടെന്ന് മഹാത്മാഗാന്ധിയുടെ പ്രപൗത്രന്‍ തുഷാര്‍ ഗാന്ധി അഭിപ്രായപ്പെട്ടു. ഗാന്ധി പീസ് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ജനാധിപത്യ ഇന്ത്യ നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ കെ. കേളപ്പന്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സ്വാതന്ത്ര്യത്തിന്റെ അമൃതോത്സവം ആഘോഷിക്കുമ്പോള്‍ ഭരണാധികാരികള്‍ മുമ്പ് ഭരിച്ചവരെ അവഹേളിക്കാനാണ് ശ്രമിക്കുന്നത്. ആദ്യകാല ഭരണകര്‍ത്താക്കള്‍ക്ക് ബ്രിട്ടീഷുകാര്‍ തകര്‍ത്ത ഇന്ത്യയെ പുനര്‍നിര്‍മിക്കുക എന്നത് വലിയ വെല്ലുവിളി ആയിരുന്നു. ഗാന്ധിജിയുടെ പൂര്‍ണസ്വരാജ് ഏറെ അകലെയായിരുന്നു. ഇന്ന് പഴയകാലത്തെ പഴി പറയുന്നതില്‍ അര്‍ത്ഥമില്ല. തുഷാര്‍ ഗാന്ധി പറഞ്ഞു.
സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറുകളെ നിര്‍ലജ്ജം മറിച്ചിടുന്നത് ഇന്നൊരു പതിവായി മാറിയിരിക്കുന്നു. തിരുത്തല്‍ശക്തിയായി മാറേണ്ട പൗരന്മാര്‍ ഇതെല്ലാം കണ്ട് ഭീരുക്കളായി തുടരുന്നു. വിദ്യാഭ്യാസം കച്ചവടമായി മാറുമ്പോള്‍ ജനാധിപത്യം കൂടുതല്‍ ദുര്‍ബലമാകും. അദ്ദേഹം പറഞ്ഞു. വര്‍ധിക്കുന്ന അക്രമവും വിദ്വേഷപ്രചാരണവും ചൂഷണവും ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ആണിക്കല്ലുകള്‍ ഇളക്കുകയാണ്. തുഷാര്‍ ഗാന്ധി ചൂണ്ടിക്കാട്ടി.
ഡോ. എ.പി മത്തായി, കെ. കേളപ്പനെ അനുസ്മരിച്ചു. ടി. ബാലകൃഷ്ണന്‍ അധ്യക്ഷനായി. യു. രാധാകൃഷ്ണന്‍, പി.പി ഉണ്ണികൃഷ്ണന്‍ പ്രസംഗിച്ചു.