കുന്ദമംഗലം: സൂക്ഷ്മ ചെറുകിട വ്യവസായ സംരംഭങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് വിപണി കണ്ടെത്തി സംരംഭങ്ങളെ ശാക്തീകരിക്കുന്നതിനായി സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് കോഴിക്കോട് താലൂക്ക് തലത്തിൽ സംഘടിപ്പിക്കുന്ന ചെറുകിട വ്യവസായ പ്രദർശന വിപണന മേള നവംബർ 11 മുതൽ 14 വരെ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പരിസരത്ത് വെച്ച് നടക്കുമെന്ന് അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ആദ്യമായാണ് താലുക്ക് തല മേള കുന്ദമംഗലത്ത് സംഘടിപ്പിക്കുന്നത്. പരിപാടിയുടെ ഭാഗമായി ശിങ്കാരിമേളം, നാടൻ പാട്ടുകൾ, കാലിക്കറ്റ് സ്റ്റാർ വേവ്സ് ഓർക്കസ്ട്ര അവതരിപ്പിക്കുന്ന ഗാനമേള എന്നിവയും നടക്കും. നവംബർ 11ന് രാവിലെ 11 മണിക്ക് വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ മേള ഉദ്ഘാടനം ചെയ്യും. മേളയിൽ പരമ്പരാഗതവും നൂതനവുമായ ഉൽപ്പന്നങ്ങളുടെ പ്രദർശനവും വിപണനവും ഉണ്ടാവും. പ്രവേശനം സൗജന്യമാണ്. വാർത്ത സമ്മേളനത്തിൽ കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബു നെല്ലൂളി , വൈസ് പ്രസിഡണ്ട് മുംതാസ് ഹമീദ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അരിയിൽ അലവി, ഉപജില്ല വ്യവസായ ഓഫീസർ സി.ജെ ജയിൻ, കുന്ദമംഗലം ബ്ലോക്ക് വ്യവസായ ഓഫീസർ വിപിൻദാസ് , കൊടുവള്ളി ബ്ലോക്ക് വ്യവസായ ഓഫീസർ നന്ദകുമാർ , അജിത്ത് കുമാർ എന്നിവർ സംബന്ധിച്ചു