കോഴിക്കോട് : ജില്ലയിലെ ചാത്തമംഗലം പഞ്ചായത്തിൽ ചൂലൂർ ഗ്രാമത്തിൽ സി. എൻ. വിജയ കൃഷ്ണന്റെ നേതൃത്വത്തിൽ സ്ഥാപിക്കപ്പെട്ട എം വി ആർ കാൻസർ & റിസേർച്ച് ഇൻസ്റ്റിട്യുറ്റിൽ നിന്ന് വിളിപ്പാടകലെ സ്ഥാപിക്കപ്പെട്ട സി എച്ച് സെന്ററിന്റെ ഉദ്ഘാടന പരിപാടികൾ നാളെ ഉച്ച രണ്ടു മണിയോടെ ആരംഭിക്കുമെന്ന് സി എച്ച് സെന്റർ പ്രസിഡന്റ് ഇ. ടി. മുഹമ്മദ് ബഷീർ എം. പി. വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ചെന്നൈയിൽ നിന്നുള്ള പെഴ്‌സണൽ ലോ ബോർഡ് അംഗം ഫാത്തിമ മുസഫർ നാളെ ഉച്ചക്കുള്ള സ്നേഹ സംഗമം ഉദ്ഘാടനം ചെയ്യും. അബ്ദുസ്സമദ് പൂക്കോട്ടൂർ, സുഹ്‌റ മന്പാട്, സി. പി. ചെറിയ മുഹമ്മദ് തുടങ്ങിയവർ സംബന്ധിക്കും. പിറ്റേന്ന് (വ്യാഴം) രാവിലെ 10 മണിക്ക് മുഖ്യ സ്ഥാപനം, മുസ്‌ലിം ലീഗ് അഖിലേന്ത്യാ പ്രസിഡന്റ് പ്രൊഫ: ഖാദർ മൊയ്‌തീൻ പൊതു സമൂഹത്തിനു സമർപ്പിക്കും. മുസ്‌ലിം ലീഗ് ഉന്നതാധികാര സമിതി അംഗം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ, എം. പി മാരായ അബ്ദുസ്സമദ് സമദാനി, പി. വി. അബ്ദുൽ വഹാബ്, എം. കെ. രാഘവൻ, എളമരം കരീം, രമ്യാ ഹരിദാസ്, ബിനോയ് വിശ്വം, ഗൾഫ് വ്യവസായി ഡോ: അൻവർ അമീൻ തുടങ്ങിയവർ പങ്കെടുക്കും. നവീനമായ ഉപകരണങ്ങളുടെ ഉപയോഗവും ആധുനിക താമസ സൗകര്യങ്ങളുമുള്ളതു കൊണ്ട് എം വി ആറിലെ ചികിത്സാ ചെലവുകൾ വിശേഷിച്ച് സാധാരണക്കാർക്ക് താങ്ങാൻ കഴിയാത്തതാണ്. എന്നാൽ കാൻസർ ബാധിച്ച് അവിടെ എത്തുന്നവരിലാകട്ടെ നല്ല ശതമാനം പാവപ്പെട്ടവരാണ്. റേഡിയേഷൻ, കീമോതെറാപ്പി, സർജറി തുടങ്ങി തുടർ ചികിത്സ ആവശ്യമുള്ള രോഗം എന്ന നിലക്ക് ഭീമമായ വാടക നൽകി സാധാരണ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും എം വി ആറിൽ താമസിക്കുക പ്രായോഗികമല്ല. 24 കിലോമീറ്റർ അകലെയുള്ള കോഴിക്കോട് സിറ്റിയിലെത്തണം താമസ സൗകര്യം കിട്ടണമെങ്കിൽ. ഈ സാഹചര്യത്തിലാണ് എം വി ആറിൽ എത്തുന്ന പാവപ്പെട്ട രോഗികളുടെ താമസവും ഭക്ഷണവും പരിചരണവും ലക്ഷ്യമാക്കി എം വി ആർ ആശുപത്രിക്കടുത്ത് ഒരു സി എച്ച് സെന്റർ തുടങ്ങാനുള്ള തീരുമാനമെടുത്തതെന്ന് ബഷീർ വിവരിച്ചു.

2017 ജൂൺ 11 ന് കെട്ടാങ്ങൽ സി എച്ച് സ്മാരകത്തിൽ ചേർന്ന യോഗത്തിൽ വെച്ച് സി എച്ച് സെന്റർ കമ്മിറ്റി രൂപവത് കരിച്ചു. സി എച്ച് സെന്ററിന് ആവശ്യമായ ഭൂമി ആ കമ്മിറ്റിയിൽ വെച്ചു തന്നെ വാഗ്ദത്തം ചെയ്തു തുടങ്ങി. പല ഉദാരമതികളിൽ നിന്നുമായി 56.6 സെന്റു ഭൂമി സ്വരൂപിക്കാൻ കമ്മിറ്റിക്കു സാധിച്ചു. 2018 ഫെബ്രുവരി നാലിന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ചൂലൂർ സി എച്ച് സെന്ററിന്റെ ശിലാ സ്ഥാപനം നിർവഹിച്ചു. കൊറോണ കാല ഘട്ടത്തെപ്പോലും അതിജീവിച്ചു കൊണ്ടാണ് തങ്ങൾ പിന്നീട് പ്രവർത്തനങ്ങൾ നടത്തിയതെന്ന് ബഷീർ വ്യക്തമാക്കി.

അൻപതോളം രോഗികൾക്കും കൂട്ടിരിപ്പുകാർക്കും താമസിക്കാനും ഭക്ഷണത്തിനുമുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തീട്ടുണ്ട്. താമസവും ഭക്ഷണവും പൂർണ്ണമായും സൗജന്യമായിരിക്കണമെന്നു തന്നെയാണ് കമ്മിറ്റി ആഗ്രഹിക്കുന്നത്. സ്ഥാപനത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ പാടെ ഇതു സംബന്ധിച്ച് നയപരമായ ഒരു തീരുമാനമെടുക്കുമെന്നും വ്യക്തമാക്കപ്പെട്ടു. സെന്റർ ജനറൽ സെക്രട്ടറി കെ. എ. ഖാദർ മാസ്റ്റർ, വൈസ് പ്രസിഡന്റുമാരായ എം. സി. മായിൻ ഹാജി, എൻ. സി. അബൂബക്കർ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.