കോഴിക്കോട്: ചാലിയം ബീച്ച് ടൂറിസത്തിന്റെ അനന്ത സാധ്യതകളുള്ള ബീച്ചാണെന്നും ഇതിനായി പത്തുകോടി രൂപ ടൂറിസം വകുപ്പ് അനുവദിച്ചതായും ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ബേപ്പൂര്‍ ഫെസ്റ്റ് സീസണ് 2 വിന്റെ ഭാഗമായി ചാലിയം ബീച്ചിലെ സാംസ്ക്കാരിക പരിപാടികളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി.
ടൂറിസം വികസനത്തിന്റെ ഭാഗമായി ചാലിയത്ത് ഓഷ്യാനസ് ചാലിയംപദ്ധതി ടൂറിസം വകുപ്പ് നടപ്പിലാക്കും. ഭാവിയില്‍ ഈ ബീച്ചില്‍ വിളക്കുകള്‍, റിഫ്രഷ്മെന്റ് കൗണ്ടര്‍, കഫ്റ്റീരിയ, വിശ്രമസ്ഥലം, ശൗചാലയം തുടങ്ങി അനവധി മാറ്റങ്ങള്‍ വരും. ബീച്ച് ടൂറിസത്തെ വലിയ പ്രാധാന്യത്തോടെയാണ് സര്‍ക്കാര്‍ കാണുന്നതെന്നും മന്ത്രി പറഞ്ഞു.
കേരളത്തില്‍ ആദ്യമായി ഒരു ഫ്ളോട്ടിങ് റസ്റോറന്റ് കടലുണ്ടി പഞ്ചായത്തില്‍ ഒരുങ്ങും. ഇതിനായി അഞ്ചുകോടിയും കടലുണ്ടി പക്ഷി സങ്കേതം നവീകരണത്തിനായി 1 കോടി 50 ലക്ഷം രൂപയും അനുവദിച്ചതായും മന്ത്രി അറിയിച്ചു.
ചടങ്ങില്‍ കടലുണ്ടി പഞ്ചായത്ത് പ്രസിഡന്റ് വി അനുഷ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ റബീഅത്ത്,നിര്‍ദ്ദേശ് പ്രതിനിധി സുരേന്ദ്രന് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു.
ജില്ലാ വികസന കമ്മീഷണര്‍ എം.എസ് മാധവിക്കുട്ടി സ്വാഗതവും ടൂറിസം വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ടി.ജി അഭിലാഷ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് പാഗ്ലി ബാന്റിന്റെ സംഗീത പരിപാടികളും അരങ്ങേറി