കോഴിക്കോട് : മുസ്‌ലിം യൂത്ത് ലീഗ് കര്‍മ്മപദ്ധതികള്‍ വിശദീകരിക്കുന്നതിനായി ജില്ലകളില്‍ നടത്തിയ ചലനം നേതൃസംഗമങ്ങള്‍ പൂര്‍ത്തിയായി. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റി ജനുവരി 16, 17, 18 തിയ്യതികളായി മുന്നാറില്‍ നടത്തിയ ക്യാമ്പ് തീരുമാനങ്ങളുടെ വിശദീകരമാണ് ചലനം ജില്ല സ്‌പെഷ്യല്‍ കണ്‍വെന്‍ഷനുകളില്‍ നടന്നത്. ജനുവരി 29ന് കോഴിക്കോട് ജില്ലയില്‍ നിന്നും ആരംഭിച്ച കണ്‍വെന്‍ഷനുകള്‍ ഫെബ്രുവരി 15ന് കോട്ടയത്ത് സമാപിച്ചു. നേതൃ സംഗമത്തില്‍ പഞ്ചായത്ത് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറിമാര്‍ നിയോജക മണ്ഡലം ഭാരവാഹികള്‍, ജില്ല പ്രവര്‍ത്തക സമിതി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. ക്യാമ്പ് കൈക്കൊണ്ട തീരുമാനങ്ങള്‍ നടപ്പിലാക്കി കര്‍മ്മ രംഗത്ത് സജീവമാകാന്‍ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി പി.കെ ഫിറോസും പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു.
ക്യാമ്പ് തീരുമാനങ്ങളുടെ തുടര്‍ച്ചയായി വൈറ്റ് ഗാര്‍ഡ് ജില്ലതല നേതൃസംഗമങ്ങള്‍ക്ക് ജില്ലകളില്‍ തുടക്കമായി. മാര്‍ച്ച് ഒന്ന് മുതല്‍ പതിനഞ്ച് വരെയായി വൈറ്റ് ഗാര്‍ഡ് രജിസ്‌ട്രേഷന്‍ ആരംഭിക്കും. രജിസട്രേഷന് മുന്നേ അംഗങ്ങളുടെ വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കാനുള്ള ഫോം നേതൃ സംഗമത്തില്‍ വെച്ച് വിതരണം ചെയ്യും. മാര്‍ച്ച് ഒന്നിന് രജിസ്‌ട്രേഷന്റെ സംസ്ഥാന തല ഉദ്ഘാടനം നിര്‍വ്വഹിക്കും 15ന് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കും.
നിയോജക മണ്ഡലം കമ്മറ്റികളുടെ മേല്‍നോട്ടത്തില്‍ മണ്ഡലം വൈറ്റ് ഗാര്‍ഡ് കോ-ഓഡിനേറ്റര്‍മാരാണ് വൈറ്റ് ഗാര്‍ഡ് വ്യക്തിഗത വിവരങ്ങള്‍ വെബ്‌സൈറ്റില്‍ എന്‍ട്രി ചെയ്യുക. ഇതിന് മുന്നോടിയായി മാര്‍ച്ച് 15ന് വൈറ്റ് ഗാര്‍ഡ് അംഗങ്ങളുടെ വ്യക്തിഗത വിവര ശേഖരണം പൂര്‍ത്തിയാക്കും. ഓരോ പഞ്ചായത്തിലെയും 31 വൈറ്റ് ഗാര്‍ഡ് അംഗങ്ങളുടെയും വിവരങ്ങള്‍ മാര്‍ച്ച് 16ന് മണ്ഡലം കോ-ഓഡിനേറ്റര്‍മാര്‍ ഏറ്റ് വാങ്ങും. മാര്‍ച്ച് 18മുതല്‍ 28വരെയായി മണ്ഡലം കോ-ഓഡിനേറ്റര്‍മാര്‍ വൈറ്റ് ഗാര്‍ഡ് വ്യക്തിഗത വിവരങ്ങള്‍ വെബ്‌സൈറ്റില്‍ എന്‍ട്രി ചെയ്യും.
വൈറ്റ് ഗാര്‍ഡ് അംഗങ്ങള്‍ക്കായി സംസ്ഥാന കമ്മറ്റി ഒരുക്കുന്ന സോഷ്യല്‍ സെക്യൂരിറ്റി സ്‌കീമിന്റെ പരിരക്ഷ ജൂണ്‍ ഒന്ന മുതല്‍ ലഭിക്കുന്നതാണെന്ന ്‌നേതാക്കള്‍ അറിയിച്ചു. ഏപ്രില്‍ 1മുതല്‍ 10വരെയായി പഞ്ചായത്ത് തലത്തില്‍ നടക്കുന്ന റിവ്യൂ മീറ്റിംഗില്‍ വെച്ച് സോഷ്യല്‍ സെക്യൂരിറ്റി സ്‌കീമിന്റെ തുകയായ 500/ ഓരോ വൈറ്റ് ഗാര്‍ഡ് അംഗത്തില്‍ നിന്നും സ്വീകരിക്കും.
മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോഴിക്കോട്ടുള്ള ആസ്ഥാന മന്ദിരം കേന്ദ്രമാക്കി പ്രാദേശിക പാര്‍ട്ടി ഓഫീസുകളെ സൗജന്യ സേവന കേന്ദ്രങ്ങളാക്കി പൊതുജനങ്ങള്‍ക്ക് വേണ്ടി സമര്‍പ്പിക്കും. ജനസഹായി കേന്ദ്രം എന്നാകും ഇത്തരം സെന്ററുകള്‍ അറിയപ്പെടുക. കേന്ദ്ര, കേരള സര്‍ക്കാരുകളുടെ വിവിധ സേവനങ്ങള്‍ ഓണ്‍ലൈനായി പൊതുജനങ്ങള്‍ക്ക് വേഗത്തിലും സൗജന്യമായും ലഭ്യമാക്കുന്നതോടൊപ്പം പാര്‍ട്ടി ഓഫീസുകളുമായി പൊതുജനങ്ങളുടെ ബന്ധം സ്ഥാപിക്കുകയും അത് വഴി പാര്‍ട്ടിയും പൊതുജനങ്ങളും തമ്മിലുള്ള സൗഹൃദവും വിശ്വാസവും ശക്തിപ്പെടുത്തുകയും ചെയ്യുക. കൂടാതെ ഓഫീസ് മന്ദിരങ്ങളുടെ സജീവത ഉറപ്പാക്കാനും ഇതിലൂടെ സാധിക്കുമെന്ന് നേതാക്കള്‍ പറഞ്ഞു. സെന്ററുകള്‍ തുടങ്ങാന്‍ താല്പര്യമുള്ള കമ്മിറ്റികളില്‍ നിന്ന് നിര്‍ദിഷ്ട ഫോറത്തിലുള്ള അപേക്ഷ 2022 മാര്‍ച്ച് 1 മുതല്‍ 10 വരെ സ്വീകരിക്കും. ഏപ്രില്‍ 30നകം പരിശോധന പൂര്‍ത്തിയാക്കി മെയ് ഒന്നിന് 50 സെന്ററുകള്‍ക്ക് അംഗീകാരം നല്‍കുന്നതും മെയ് 11ന് 50 സെന്ററുകളുടെയും ഉദ്ഘാടനം ഒരിടത്ത് വെച്ച് വീഡിയോ കോണ്‍ഫറന്‍സ് വഴി നടക്കുന്നതുമായിരിക്കും. സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട 50 ഓഫീസുകളാണ് ആദ്യഘട്ടത്തില്‍ ജനസഹായി കേന്ദ്രങ്ങളായി ഏറ്റെടുത്തു പ്രവര്‍ത്തിപ്പിക്കുന്നത്. പാര്‍ട്ടിയുടേയോ പോഷക ഘടകങ്ങളുടെയോ പേരിലുള്ളതും അടിസ്ഥാന സൗകര്യങ്ങള്‍ ഉള്ളതുമായ ഓഫീസുകളാണ് ഇതിനു പരിഗണിക്കുക. സംസ്ഥാന കമ്മിറ്റി തയ്യാറാക്കിയ നിര്‍ദിഷ്ട ഫോറത്തില്‍ ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിച്ചു സംസ്ഥാനതല സമിതി അന്വേഷണം നടത്തി തയ്യാറാക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജനസഹായി സെന്ററുകള്‍ക്ക് അംഗീകാരവും രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും നല്‍കുന്നതായിരിക്കും. ജനസഹായി കേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിനും ദൈനംദിന കാര്യങ്ങളില്‍ ഇടപെടുന്നതിനുമായി സംസ്ഥാന തലത്തില്‍ സപ്പോര്‍ട്ടിങ് ആന്‍ഡ് മോണിറ്ററിങ് സമിതി ഉണ്ടായിരിക്കും. യൂത്ത് ലീഗ് ഭാരവാഹികളും വിദഗ്ധരും ഉള്‍പ്പെടുന്നതായിരിക്കും സമിതി.
മുസ്‌ലിം യൂത്ത് ലീഗിന്റെ മുഖപത്രമായ തൂലിക പ്രസിദ്ധീകരണം പുനരാരംഭിക്കാന്‍ എക്‌സിക്യൂട്ടീവ് ക്യാമ്പ് തീരുമാനിച്ചു. ജൂണ്‍ 19 വായനാദിനത്തില്‍ തൂലികയുടെ ആദ്യ കോപ്പി പ്രസിദ്ധീകരിക്കും. 2022 മെയ് 10 മുതല്‍ 15വരെയാണ് തൂലിക കാമ്പയിന്‍ നടത്തി വരിക്കാരെ ചേര്‍ക്കം.
മത വിരുദ്ധ കമ്മ്യൂണിസം മാനവ വിരുദ്ധ ഫാഷിസം എന്ന ശീര്‍ഷകത്തില്‍ നിയോജക മണ്ഡലം തലത്തില്‍ റാലി സംഘടിപ്പിക്കും. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ മതനിരാസ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് വിശ്വാസികള്‍ക്കിടയിലും ഫാസിസത്തിന്റെ ആപത്കരമായ രീതികളെ കുറിച്ച് പൊതു സമൂഹത്തെയും ബോധവല്‍ക്കരിക്കുക എന്നതാണ് ക്യാമ്പയിന്റെ ലക്ഷ്യം. 2022 മെയ് മാസത്തിലാണ് ഈ പരിപാടി നടത്തുക.
മുസ്‌ലിം ലീഗ് പ്രസ്ഥാനം സമുദായത്തിനായി നേടിയെടുത്ത നേട്ടങ്ങളും നാടിന്റെ പുരോഗതിക്കായി നല്‍കിയ സംഭാവനകളും സ്വത്വ രാഷ്ട്രീയത്തിന്റെ അനിവാര്യതെ കുറിച്ചും യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുന്നതിനായി പാഠശാലക്ക് തുടക്കം കുറിക്കും. ആറു മാസം നീണ്ടു നില്‍ക്കുന്ന സിലബസ് ഇതിനായി സംസ്ഥാന കമ്മറ്റി തയ്യാറാക്കും. പഞ്ചായത്ത് കമ്മിറ്റികളുടെ ആഭിമുഖ്യത്തിലാണ് പാഠശാല സംഘടിപ്പിക്കുക. മാസത്തില്‍ ഒരു പാഠശാലയാണ് സംഘടിപ്പിക്കുക. യൂത്ത് ലീഗ് ദിനമായ ജൂലൈ 30ന് ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം സംഘടിപ്പിക്കും. ഒരു ജില്ലയില്‍ നിന്നും തെരെഞ്ഞെടുക്കപ്പെടുന്ന ഫാക്കല്‍റ്റികളാണ് പാഠശാലയില്‍ ക്ലാസ്സുകള്‍ നയിക്കുക. ഫാക്കല്‍റ്റി അംഗങ്ങള്‍ക്കായി സംസ്ഥാന കമ്മറ്റി ശില്‍പശാല സംഘടിപ്പിക്കും.
യുവജനങ്ങളുടെ കായിക കുതിപ്പിന് അവസരം ഒരുക്കുന്ന രീതിയില്‍ ഈ വര്‍ഷം ഗെയിംസ് മത്സരങ്ങള്‍ (ഫുട്‌ബോള്‍ , ക്രിക്കറ്റ്, വോളിബോള്‍, ഷട്ടില്‍ ബാറ്റ്മിന്റന്‍) സംഘടിപ്പിക്കും. ശാഖ കമ്മറ്റികളെ പങ്കെടുപ്പിച്ച് കൊണ്ട് പഞ്ചായത്ത് തലത്തില്‍ ഗെയിംസ് സംഘടിപ്പിക്കുകയും അതിലെ പെര്‍ഫോമന്‍സ് വെച്ച് പഞ്ചായത്ത് തല ടീമിന് രൂപം നല്‍കും. ഈ ടീമാണ് മണ്ഡലം തല ഗെയിംസ്‌ന് പഞ്ചായത്തിനെ പ്രതിനിധീകരിക്കുക. ഈ രീതിയില്‍ സെലക്ഷന്‍ നടത്തി മണ്ഡലം ടീമിനെ ജില്ല തലത്തിലും ജില്ല ടീമിനെ സംസ്ഥാന തലത്തിലും മത്സരത്തിന് സജ്ജമാക്കണം. ഓരോ തലത്തിലും മികച്ച താരങ്ങളെ കണ്ടെത്തി ടീം സജ്ജമാക്കുന്നതിന് കായിക മേഖലയില്‍ കഴിവ് തെളിയിച്ച പ്രതിഭളെ ഉള്‍പ്പെടുത്തി ഒരു സെലെക്ഷന്‍ പാനല്‍ നേരത്തെ രൂപം നല്‍കും. ത്രൈമാസ കാമ്പയിനായിട്ടാണ് യുവോത്സവം സംഘടിപ്പിക്കുക. ആഗസ്തില്‍ പഞ്ചായത്തിലും സെപ്തംബറില്‍ മണ്ഡലത്തിലും ഒക്ടോബറില്‍ ജില്ലാ – സ്റ്റേറ്റ് തലത്തിലും മത്സരങ്ങള്‍ സംഘടിപ്പിക്കും.
മതം,കലാ, കായിക, കാര്‍ഷിക, വിദ്യാഭ്യാസ, സാഹിത്യ, മാധ്യമ മേഖലകള്‍ ഉള്‍പ്പെടെ വ്യത്യസ്തത തലങ്ങളില്‍ നേട്ടങ്ങള്‍ കൈവരിച്ച പ്രതിഭകളുടെ സംഗമം പഞ്ചായത്ത് തലത്തില്‍ സംഘടിപ്പിക്കും. പരീക്ഷകളില്‍ വിജയിക്കുന്നവരെ ആദരിക്കുന്നതോടൊപ്പം വിവിധ മേഖലകളില്‍ കയ്യൊപ്പ് ചാര്‍ത്തിയ പ്രതിഭകളെയും പ്രോത്സാഹിപ്പിക്കും.
ജൂണ്‍ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തില്‍ ശാഖാ തലത്തില്‍ നാട്ടുമുറ്റം എന്ന പേരില്‍ ശാഖാ തലത്തില്‍ പരിപാടികള്‍ സംഘടിപ്പിക്കും.
ദേശീയ-അന്തര്‍ദേശീയ എഴുത്തുകാരുടെ സാന്നിധ്യവും നാട്ടിലെ യുവ എഴുത്തുകാരുടെ കൃതികളുടെ പ്രകാശനവും ഉള്‍കൊള്ളിച്ച് ഈ വര്‍ഷം ഡിസംബറില്‍ പുസ്തക മേള സംഘടിപ്പിക്കും.
വാര്‍ഡ് / യൂണിറ്റ് തൊട്ടുള്ള കമ്മിറ്റികളുടെ രെജിസ്‌ട്രേഷന്‍, ഭാരവാഹി ലിസ്റ്റ്, മേല്‍ഘടകത്തില്‍ നിന്ന് താഴെ തട്ടിലേക്കുള്ള നിര്‍ദ്ദേശങ്ങള്‍ കൈമാറുക തുടങ്ങിയവ സോഫ്റ്റ്വെയര്‍ സഹായത്തോടെ ക്രമീകരിക്കും. സംസ്ഥാന കമ്മിറ്റിയും മറ്റു കീഴ്ഘടകങ്ങളും പ്രഖ്യാപിച്ച പരിപാടികള്‍ യഥാസമയം നടത്തുകയും സ്വമേധയാ ആവിഷ്‌കരിച്ചു നടത്തുകയും ചെയ്യുന്നവര്‍ക്ക് പെര്‍ഫോമന്‍സിന്റെ അടിസ്ഥാനത്തില്‍ ശാഖാ – പഞ്ചായത്ത് – മണ്ഢലം – ജില്ലാ കമ്മറ്റികളെ ഇതേ സോഫ്റ്റ്വെയര്‍ വഴി എ, ബി, സി എന്നിങ്ങനെ തരംതിരിച്ചു ഗ്രേഡിംഗ് നടത്തും.
സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള ഇടപെടലുകള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനും തീരുമാനിച്ചു.
എറണാകുളം മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളില്‍ സംഘടന പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി വിവിധ പരിപാടികള്‍ നടപ്പിലാക്കും. ഇതിന് മുന്നോടിയായി ദക്ഷിണ മേഖല സമ്മേളനം മാര്‍ച്ച് 26ന് സംഘടിപ്പിക്കും. സ്വത്വരാഷ്ട്രീയം സാമൂഹ്യ പുരോഗതിക്ക് എന്നതാണ് കാമ്പയിന്‍ പ്രമേയം.
ജില്ലകളില്‍ നടന്ന നേതൃസംഗമത്തില്‍ വെച്ച് പ്രതിനിധികള്‍ക്ക് എക്‌സിക്യൂട്ടീവ് ക്യാമ്പ് തീരുമാനങ്ങള്‍ കൈപുസ്തകമായി നല്‍കി. സംസ്ഥാന ഭാരവാഹികളായ പി. ഇസ്മായില്‍, മുജീബ് കാടേരി, ഫൈസല്‍ ബാഫഖി തങ്ങള്‍, അഷറഫ് എടനീര്‍, കെ.എ മാഹീന്‍, സി.കെ മുഹമ്മദലി, അഡ്വ. കാര്യറ നസീര്‍, ഗഫൂര്‍ കോല്‍ക്കളത്തില്‍, ടി.പി.എം ജിഷാന്‍ എന്നിവര്‍ വിവിധ തീരുമാനങ്ങള്‍ വിശദീകരിച്ചു.