ന്യൂഡല്‍ഹി: ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി മുര്‍മു സത്യപ്രതിജ്ഞ ചെയ്തു.രാവിലെ 10.15ന് പാര്‍ലമെന്ററി സെന്‍ട്രല്‍ ഹാളിലായിരുന്നു ചരിത്രപ്രധാനമായ സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്.സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍.വി രമണ ഗോത്രവര്‍ഗ്ഗ വിഭാഗത്തില്‍നിന്നുള്ള ആദ്യ രാഷ്ട്രപതിക്ക് സത്യപ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു.
രാഷ്ട്രപതി പദവിയിലെത്തുന്ന രണ്ടാമത്തെ വനിതയാണ് ദ്രൗപദി മുര്‍മു.ഇന്ത്യന്‍ഭരണഘടനയുടെ അന്ത സത്ത ഉയര്‍ത്തിപ്പിടിക്കുമെന്നും പാര്‍ശ്വവത്കരിക്കപ്പെടുന്നവരുടെ ഉയര്‍ച്ചയ്ക്കായി ശ്രദ്ധ ചെലുത്തുമെന്നും സത്യപ്രതിജ്ഞയ്ക്കുശേഷം ദ്രൗപദി മുര്‍മു പറഞ്ഞു.
പാവപ്പെട്ടവര്‍ക്കും അവരുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാന്‍ കഴിയണമെന്നും അതിനുള്ള സാഹചര്യങ്ങള്‍ രാജ്യത്ത് ഉണ്ടാകണമെന്നും മുര്‍മു പറഞ്ഞു.സ്ത്രീ ശാക്തീകരണത്തിന് പ്രത്യേകശ്രദ്ധ നല്‍കും.ദലിതരുടെ സ്വപ്‌നം പൂവണിയുന്നതിന് തെളിവാണ് തന്റെ ജീവിതമെന്നും മുര്‍മു തന്റെ പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു.
രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യദിനാഘോഷ ഒരുക്കങ്ങള്‍ക്കിടെയാണ് ഗോത്ര വിഭാഗത്തില്‍ നിന്നുള്ള ഒരു വനിത ഇന്ത്യയുടെ പ്രഥമവനിതയാകുന്നത്.സ്വാതന്ത്രയാനന്തരം ജനിച്ച ആദ്യപ്രസിഡന്റാണ് എന്നതും മറ്റൊരു സവിശേഷതയാണ്.1958 ല്‍ ഒഡിഷയിലെ മയുര്‍ഗഞ്ച് ജില്ലയിലെ സാന്താള്‍ കുടുംബത്തിലാണ് മുര്‍മു ജനിച്ചത്.മയൂര്‍ഗഞ്ചില്‍ നിന്നുള്ള ബി.ജെ.പി നേതാവാണ് മുന്‍ അധ്യാപികയായ ദ്രൗപദി മുര്‍മു.1997ല്‍ കൗണ്‍സിലറായാണ് രാഷ്ട്രീയജീവിതം തുടങ്ങിയത്.